മൂവാറ്റുപുഴ: മഞ്ഞള്ളൂര്‍ റൂറല്‍ സഹകരണ ബാങ്കില്‍ 30 കോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ സംഭവത്തില്‍ ഉന്നതതല അന്വേക്ഷണം തുടങ്ങി. പരാതിയുടെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പും പൊലിസും വെവ്വേറെ അന്വേക്ഷണങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. ക്രമക്കേടുകളെ തുടര്‍ന്ന് മൂന്നുമാസമായി സഹകരണ നിയമം 65 അന്വേഷണ ഉദ്യോഗസ്ഥന് ബാങ്കില്‍ പരിശോധന നടത്തി ക്രമക്കേട് തിട്ടപ്പെടുത്തിവരുകയായിരുന്നു എന്നാണ് വിവരം. ക്രമക്കേടിന്റെ പ്രാഥമിക വിവരങ്ങൾ പുറത്തുവന്നതോടെ സംഘം സെക്രട്ടറിയെ സഹകരണ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.
സഹകരണ ബാങ്കില്‍ അംഗമല്ലാത്തവരുടെയും വായ്പ എടുത്തിട്ടില്ലാത്തവരുടെയും പേരില്‍ നോട്ടീസ് എത്തിയതോടെ നടത്തിയ പരിശോധനയിലാണ് സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്. 7 ലക്ഷം രൂപ വായ്പ എടുത്തു എന്ന് കാണിച്ച് നോട്ടീസ് ലഭിച്ച ആയവന കാര്യമറ്റം സ്വദേശി ബി. ബിജുകുമാറാണ് ഇത് സംബന്ധിച്ച് മൂവാറ്റുപുഴ സഹകരണ സംഘം രജിസ്ട്രാര്‍ക്കും വാഴക്കുളം പൊലീസിലും പരാതി നല്‍കിയത്.
ബാങ്കില്‍ അംഗമല്ലാത്ത ഇദ്ദേഹത്തിന്റെ പേരില്‍ 7 ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ട് എന്ന് സൂചിപ്പിക്കുന്ന നോട്ടീസ് ആണ് ലഭിച്ചത്. വായ്പയുടെ പലിശ 705600 രൂപ ഉള്‍പ്പെടെ 1405600 രൂപ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് എത്തിയത്. ഇതേത്തുടര്‍ന്ന ഇദ്ധേഹം പരാതി നല്‍കുകയായിരുന്നു. വിവാദ തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ പരാതിക്കാരന്റെ പേരിലുള്ള വായ്പ കുടിശ്ശിക അജ്ഞാതൻ ബാങ്കിലെത്തി അടച്ചുതീർത്തു.
വായ്പ സംബന്ധിച്ച് തിരിച്ചടവുമായി ബന്ധപ്പെട്ടിട്ടുള്ള നോട്ടീസിനെ കൃത്യമായി മറുപടി ലഭിക്കാതെ വന്നതുകൊണ്ട് ആണ് ഇദ്ദേഹം പോലിസില്‍ പരാതി നല്‍കിയത്. ബാങ്കിലെയും , അല്ലാത്തവരുടെ പേരില്‍ സമാനമായ രീതിയില്‍ ലക്ഷങ്ങളുടെ വായ്പ എടുത്തിട്ടുണ്ട് എന്ന് കാണിച്ച് വാഴക്കുളം മഞ്ഞള്ളൂര്‍ ആയവന മേഖലകളിലുള്ള ഒട്ടേറെ പേര്‍ക്ക് സഹകരണവകുപ്പിന്റെ നോട്ടിസ് ലഭിച്ചിട്ടുണ്ട്. ഇവരും പരാതിയുമായി എ ആര് ഓഫിസില്‍ എത്തിയിരുന്നു.
30 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് സഹകരണ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഇത് സംബന്ധിച്ച് വിശദമായ പരിശോധനകള്‍ നടന്നുവരികയാണെന്ന് അന്വേഷണ സംഘം പറഞ്ഞു.