മൂവാറ്റുപുഴ മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ ട്വന്റി-20 സ്ഥാനാര്‍ത്ഥിയായി പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകനും അഭിഭാഷകനുമായ അഡ്വ. സി.എന്‍. പ്രകാശ്. ലോക പഴവര്‍ഗ വിപണിയില്‍ മൂവാറ്റുപുഴയുടെ നാമം പതിപ്പിച്ച പൈനാപ്പിള്‍ ചിഹ്നത്തിലാണ് തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ, വികസന രംഗത്ത് കുതിച്ചുചാട്ടം കാഴ്ചവച്ച ട്വന്റി-20 യ്ക്കായി പ്രകാശ് മൂവാറ്റുപുഴ അസംബ്ലി മണ്ഡലത്തില്‍ പോരാട്ടത്തിനിറങ്ങുന്നത്.
ട്വന്റി-20 നടത്തിയ അഭിപ്രായ സര്‍വ്വേയിലൂടെയാണ് പ്രകാശ് സ്ഥാനാര്‍ത്ഥിയായി എത്തിയത്. കോളേജ് യൂണിയന് ഭാരവാഹിത്വത്തില്‍ മാഗസിന് എഡിറ്ററായും യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലറുമായി മികവു തെളിയിച്ച ശേഷം മൂവാറ്റുപുഴ ദേശാഭിമാനി ലേഖനായി മാധ്യമ പ്രവര്‍ത്തനം തുടങ്ങിയ പ്രകാശ് വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടി കയറി മാധ്യമ പ്രവര്‍ത്തകരിലെ മുന്‍നിരക്കാരിലൊരാളായി. സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ജീവന് ടി.വി, റീജിയണല്‍ ചീഫ് അമൃത ടി.വി, റീജിയണല്‍ ബ്യൂറോ ചീഫ് കൈരളി ടി.വി, സീനിയര്‍ ന്യൂസ് എഡിറ്റര്‍ & ന്യൂസ് നൈറ്റ് ആങ്കര്‍ ഇന്‍ഡ്യാ വിഷന്‍ എന്നീ വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തിച്ചു. റീജിയണല്‍ ന്യൂസ് എഡിറ്ററായി ന്യൂസ്- 18 നില് പ്രവര്‍ത്തിക്കുമ്പോഴാണ് ട്വന്റി-20 പ്രകാശനെ സ്ഥാനാര്‍ത്ഥിയാക്കുന്നത്.
ഐരാപുരം ശ്രീ ശങ്കര കോളജില്‍ നിന്നും ഹിസ്റ്ററിയില്‍ ബിരുദം നേടിയ ശേഷം മാധ്യമ പ്രവര്‍ത്തനം ആരംഭിച്ച പ്രകാശ് ജോലിക്കിടയില്‍ പഠനം തുടര്‍ന്നാണ് നിരവധി ഉന്നത ബിരുദങ്ങള്‍ കൈപ്പിടിയിലൊതുക്കിയത്. നിയമബിരുദം, സൈബര്‍ ലോയില്‍ ഡിപ്ളോമ, എം.എസ്. ഡബ്ല്യു, ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം എന്നിവ പ്രകാശിന്റെ പേരിനൊപ്പം ചേര്‍ക്കപ്പെട്ടു.
മൂവാറ്റുപുഴ തൃക്കളത്തൂര്‍ സ്വദേശിയായ പ്രകാശ് സാധാരണ കുടുംബത്തില്‍ നിന്നുമാണ് വളര്‍ന്ന് വന്നത്. ചാലില്‍ നാരായണന്- സാവിത്രി നാരായണന് ദമ്പതികളുടെ മുന്ന് ആണ് മക്കളില്‍ ഇളയ മകനാണ് പ്രകാശ്. കടാതി ഗവണ്മെന്റ് സ്കൂള്‍ ടീച്ചര്‍ രാജി പി ശ്രീധറാണ് ഭാര്യ. എട്ടാം ക്ലാസുകാരനായ ഗൗതം പ്രകാശ്, അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പാര്‍വണ പ്രകാശ് എന്നിവരാണ് മക്കള്‍.