പെരുമ്പാവൂർ : കൂവപ്പടി പഞ്ചായത്തിലെ തൊട്ടു ചിറയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു ലെവൽസ് എടുക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. പദ്ധതിയുടെ ഭാഗമായുള്ള ശുചികരണ പ്രവൃത്തി അടുത്ത ആഴ്ച്ച ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു. മണ്ഡലത്തിലെ പ്രധാനപ്പെട്ട 4 ജലശയങ്ങളുടെ നവീകരണ പ്രവർത്തങ്ങൾ പുരോഗമിക്കുകയാണെന്നും എം.എൽ.എ പറഞ്ഞു. 2.41 കോടി രൂപയുടെ പദ്ധതികളാണ് മണ്ഡലത്തിൽ നടപ്പിലാക്കുന്നത്.
മണ്ഡലത്തിലെ പ്രധാന ജലാശയമായ തൊട്ടുചിറയുടെ നവീകരണത്തിനായി 34 ലക്ഷം രൂപ മൈനർ ഇറിഗേഷൻ വകുപ്പ് മുഖാന്തിരം അനുവദിച്ചത്. ചിറയിൽ അടിഞ്ഞു കൂടിയ ചെളിയും മാലിന്യങ്ങളും പായലുകളും നീക്കം ചെയ്യുന്നതിനാണ് തുക അനുവദിച്ചത്. കൂവപ്പടി, ഒക്കൽ പഞ്ചായത്തുകളിലെ ജനങ്ങളുടെ ആശ്രയമാണ് ഈ ജലാശയം. രണ്ടായിരത്തോളം കുടുംബങ്ങളുടെ കിണറുകളിൽ ഉറവിനും കാർഷികാവശ്യങ്ങൾക്കും ഈ നവീകരണ പദ്ധതി ഗുണം ചെയ്യും.
1.75 കോടി രൂപ അനുവദിച്ച കൊടുവേലി തുറയുടെ ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും. പദ്ധതിയുടെ സാങ്കേതികാനുമതി ഉടൻ തന്നെ ലഭ്യമാകും. നാല് പദ്ധതികൾ ഒരുമിച്ചു അനുവദിച്ചതിനാൽ ടെൻഡർ ചെയ്യണമെങ്കിലും ഒരുമിച്ചു മാത്രമേ സാധിക്കൂകയുള്ളൂ. എം.എൽ.എ ഫണ്ടിൽ 18.25 ലക്ഷം രൂപ അനുവദിച്ച രായമംഗലം പഞ്ചായത്തിലെ ചെങ്ങാനാലിക്കൽ ചിറയുടെ നവീകരണവും പുരോഗമിക്കുകയാണ്. രണ്ടാഴ്ച കൊണ്ട് ഇവിടുത്തെ പ്രവൃത്തി പൂർത്തിയാക്കും. ചിറയിലെ അടി ഭാഗത്ത് കൂടിയിരിക്കുന്ന ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. ഇതിന് സമീപമുള്ള കാനയുടെ നിർമ്മാണം പൂർത്തീകരിച്ചു.
മുടക്കുഴ പഞ്ചായത്തിലെ ചുരുളി ചിറയുടെ നവീകരണം ഈ ആഴ്ച പൂർത്തീകരിക്കും.
14.70 ലക്ഷം രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. ചിറയിലെ ചെളി നീക്കം ചെയ്യുകയും ചോർച്ച അടയ്ക്കുകയും ചെയ്യും. പെരിയാർ വാലി കനാലിന്റെ പാസ്സേജ് വഴി ചെളിയും മാലിന്യങ്ങളും നിറഞ്ഞ വെള്ളം ചിറയിലേക്ക് വരുന്നത് ഒഴിവാക്കുന്നതിനായി സൈഡിലൂടെ കാന നിർമ്മിച്ചു വെള്ളം തിരിച്ചു വിടുന്ന പ്രവൃത്തിയും പൂർത്തികരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു,
ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനു അബീഷ്, വാർഡ് അംഗം പി.വി സുനിൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രകാശ് എം.പി, പ്രിൻസ് ആലുക്ക എന്നിവർ എം.എൽ.എയോടൊപ്പം സ്ഥലം സന്ദർശിച്ചു