മൂവാറ്റുപുഴ: നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ കുടിവെള്ള മുടങ്ങിയതോടെ വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്നില്‍ കുടവുമായെത്തി കൗൺസിലർമാരുടെ പ്രതിഷേധം . നഗരസഭയിലെ ഉയര്‍ന്ന പ്രദേശമായ കുന്നപ്പള്ളി മല, മങ്ങാട്ടുപള്ളി റോഡ്, പാണ്ടന്‍പാറ ആശ്രമം ടോപ്പ് എന്നീ പ്രദേശങ്ങളിലാണ് 12 ദിവസമാായി കുടിവെള്ളം മുടങ്ങിയത്.
വാര്‍ഡ് കൗണ്‍സിലര്‍മാരായ ലൈല ഹനീഫ, ജോയിസ് മേരി ആന്റണി, പ്രദേശവാസികള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധം നഗരസഭ ചെയര്മാന് പി.പി എല്‍ദോസ് ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് കൗണ്‍സിലര്‍ മുദ്രാവാക്യങ്ങളുമായെത്തി അസ്സിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിക്കുകയും, തണ്ണിമത്തനും, കുടിവെള്ളവും നല്കി പ്രതിഷേധിക്കുകയും ചെയ്തു. വിവിധ പ്രദേശങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാലാണ് കുടിവെള്ളവിതരണം തടസ്സപ്പെട്ടതെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ കൗണ്‍സലര്‍മാരെ അറിയിച്ചു. എന്നാല്‍ കുടിവെള്ളവിതരണം എപ്പോള്‍ പുനരാരംഭിക്കുമെന്ന് ഉറപ്പ് ലഭിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലുറച്ച കൗണ്‍സിലര്‍മാരും, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റവുമുണ്ടായി. തുടര്‍ന്ന് കൗണ്‍സിലര്‍ ജോയിസ്മേരി ആന്റണി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനുമായി ഫോണില്‍ ബന്ധപ്പെട്ട് വിഷയം അവതരിപ്പിച്ചു. കുടിവെള്ള വിതരണം ഉടന്‍ പുനരാരംഭിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും, വ്യാഴാഴ്ച ഉച്ചക്ക് മുന്‍പ് ജലവിതരണം പുനരാരംഭിക്കാമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ ഉറപ്പ് നല്‍കിയതോടെ കൗണ്‍സിലര്‍മാര്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി.എം അബ്ദുള്‍ സലാം, ജോസ് കുര്യാക്കോസ്, കൗണ്‍സിലര്‍മാരായ ജിനു ആന്റണി, അമല്‍ ബാബു, കെ,കെ സുബൈര്‍, ജോളി മണ്ണൂര്‍, അസ്സം ബീഗം, പി.വി രാധാകൃഷ്ണന് പ്രദേശവാസികള്‍ എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കാളികളായി.വ്യാഴാഴ്ച കുടിവെള്ള വിതണം പുനരാരംഭിച്ചില്ലെങ്കില്‍ ഇതിലും ശക്തമായ സമരപരിപാടികളുമായെത്തുമെന്ന് കൗണ്‍സിലര്‍മാര്‍ മുന്നറിയിപ്പ് നല്കി.