കോവിഡിന് ശേഷം എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ രണ്ടാം പ്ലാറ്റ് ഫോമിനോട് ചേര്‍ന്നുള്ള പ്രവേശന കവാടത്തില്‍ ടിക്കറ്റ് കൗണ്ടര്‍ തുറക്കാത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കുന്നു. കോട്ടയം വഴി തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള എല്ലാ ട്രെയിനുകളും ഈ പ്ലാറ്റ് ഫോമിലാണ് എത്തിചേരുന്നത്. ടിക്കറ്റ് കൗണ്ടര്‍ അടച്ചു പൂട്ടിയ ശേഷം അതിന് മുന്നില്‍ യാത്രാ ടിക്കറ്റോ അനുബന്ധ രേഖകളോ ഇല്ലാതെ പ്രവേശനം ശിക്ഷാര്‍ഹമാണ് എന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ഈ കവാടത്തിലൂടെ പ്രവേശിക്കുന്നവര്‍ അപ്പുറത്ത് പോയി ടിക്കറ്റ് എടുക്കുന്നതിനിടയില്‍ പിടിക്കപ്പെട്ടാല്‍ പിഴ അടയ്ക്കാനും ബാധ്യസ്ഥരാണ്.
പ്ലാറ്റ് ഫോം ഒന്നിലെ നീണ്ട ക്യൂവില്‍ നിന്ന് ടിക്കറ്റ് എടുത്ത ശേഷം രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ എത്തുമ്പോള്‍ ട്രെയിന്‍ ലഭിക്കാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ കേരള എക്സ്പ്രസ്സ് കോട്ടയം ഭാഗത്തേയ്ക്കുള്ള യാത്രക്കാര്‍ക്ക് ഏറെ അനുകൂലമായ സമയത്താണ് വൈകുന്നേരം എറണാകുളം ടൗണില്‍ എത്തിച്ചേരുന്നത്. ആ സമയത്ത് നിരവധി ട്രെയിനുകള്‍ ഉള്ളതിനാലും ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ ടിക്കറ്റ് നല്കുന്ന കൗണ്ടറുകളും ഈ പ്ലാറ്റ് ഫോമില്‍ സജീവമാണ്. ഇതെങ്കിലും രണ്ടാമത്തെ പ്ലാറ്റ് ഫോമിലേയ്ക്ക് മാറ്റിയാല്‍ അത്രയും ആശ്വാസമാകുമെന്നാണ് യാത്രക്കാരുടെ പക്ഷം.
കോവിഡിന് ശേഷം എല്ലാ ട്രെയിനുകളിലും ഇപ്പോള്‍ ജനറല്‍ ടിക്കറ്റ് സൗകര്യം നിലവില്‍ വന്നു. യാത്രക്കാരുടെ എണ്ണത്തിലും ഭീമമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതാണ്. ടിക്കറ്റ് കൗണ്ടറിന്റെ മുന്നിലെ നീണ്ട ക്യൂ ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ജോലി ചെയ്ത് ക്ഷീണിച്ചെത്തുന്ന യാത്രക്കാരന് അരമണിക്കൂറിന് മുകളില്‍ ക്യൂ നിന്ന ശേഷമാണ് ഇപ്പോള്‍ ടിക്കറ്റ് ലഭിക്കുന്നത്. ടിക്കറ്റ് എടുത്ത ശേഷം രണ്ടാം പ്ലാറ്റ് ഫോമില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന ട്രെയിന്‍ ലക്ഷ്യമാക്കിയുള്ള ഓട്ടം ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.
കേരള എക്സ്പ്രസ്സ്, കോര്‍ബ, ഗുരുദേവ് എക്സ്പ്രസ്സുകളില്‍ ഇപ്പോള്‍ ജനറല്‍ ടിക്കറ്റ് നിലവില്‍ വന്നിട്ടുണ്ട്. എക്സ്പ്രസ്സ് സീസണ് മാത്രമുള്ള യാത്രക്കാര്‍ സപ്ലിമെന്ററി ടിക്കറ്റ് എടുത്താല്‍ മാത്രമേ ഈ ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂ. സ്ത്രീകള്‍ക്കും വയസ്സായവര്‍ക്കും പ്ലാറ്റ് ഫോം ഒന്നില്‍ നിന്നും ടിക്കറ്റ് എടുത്തു മടങ്ങിവന്ന് കയറാനുള്ള ബുദ്ധിമുട്ട് ഉണ്ട്.
കോവിഡിന് മുമ്പ് ഉണ്ടായിരുന്ന പോലെ ടിക്കറ്റ് കൗണ്ടര്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കേരളത്തിലെ തന്നെ ഏറ്റവും തിരക്കുള്ള സ്റ്റേഷനുകളില്‍ ഒന്നാണ് എറണാകുളം ടൗണ്‍. വേണാട് ഒഴികെ കോട്ടയം വഴിയുള്ള എല്ലാ ട്രെയിനുകളും ജംഗ്ഷന് ഒഴിവാക്കി എറണാകുളം ടൗണ്‍ വഴിയാണ് സര്‍വീസ് നടത്തുന്നത്. രണ്ടാം പ്ലാറ്റ് ഫോമിലെ ടിക്കറ്റ് കൗണ്ടര്‍ ഇപ്പോള്‍ നായ്ക്കളുടെ വിശ്രമസ്ഥലമാണ്. ഈ വിഷയത്തില്‍ റെയില്‍വേയുടെ അടിയന്തിര ഇടപെടല്‍ പ്രതീക്ഷിക്കുന്നതായി യാത്രക്കാര്‍ പറഞ്ഞു.