മുവാറ്റുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്കെതിരെ പ്രതിഷേധവുമായി മുവാറ്റുപുഴയിൽ ധർണയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നു. ഒക്ടോബർ 10 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ആരക്കുഴ ജംഗ്ഷനിൽ നടക്കുന്ന ഈ പരിപാടി പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനം ഉദ്ഘാടനം ചെയ്യും.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിലനില്പ് കേരളത്തിലെ ജനജീവനത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നമാണെന്ന നിലയിൽ അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനു ശക്തമായ നടപടികളും അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചുള്ള അന്തർദേശീയ പഠനവും ആവശ്യപ്പെട്ടുകൊണ്ടാണ് ഈ ധർണ. നാസ് മുവാറ്റുപുഴയുടെ നേതൃത്വത്തിൽ മേള, ഗ്രീൻ പീപ്പിൾ, സിറ്റിസൺസ് ഡയസ്, മുവാറ്റുപുഴ ഫിലിം സൊസൈറ്റി, മർച്ചന്റ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് ഈ പ്രതിഷേധം സംഘടിപ്പിക്കുന്നത്. വിവിധ സാമൂഹിക സംഘടനകളിലെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കും.