കൊല്ലം: എസ്എന്‍ കോളേജില്‍ എസ്എഫ്ഐ – എഐഎസ്എഫ് സംഘര്‍ഷം. 14 പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റെന്ന് എഐഎസ്എഫ് നേതൃത്വം അറിയിച്ചു. സാരമായി പരിക്കേറ്റ മൂന്നു വിദ്യാര്‍ത്ഥികളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളേജ് യൂണിയന് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എഐഎസ്എഫ് നേതൃത്വം ആരോപിച്ചു.
കോളേജില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്എഫ്ഐ നേതാക്കള്‍ വരെ മര്‍ദ്ദിച്ചുവെന്ന് എഐഎസ്എഫ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. മാരകായുധങ്ങളും ഇവരുടെ പക്കലുണ്ടായിരുന്നുവെന്നും ഇവര്‍ ആരോപിച്ചു.
അതേസമയം പത്തനംതിട്ട അടൂര്‍ ഐഎച്ച്ആര്‍ഡി കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളേജ് യൂണിയന് തെരഞ്ഞെടുപ്പ് നടത്തിയതിനെതിരെ സമരം നടത്തുകയാണ്. ചട്ടവിരുദ്ധമായി തെരഞ്ഞെടുപ്പ് നടത്തിയെന്ന് ആരോപിച്ചാണ് സമരം. കോളേജിന്റെ ഗേറ്റില്‍ പ്രിന്‍സിപ്പലിന്റെ കോലം തൂക്കിയിട്ടു.
കോളേജിലെ മോഡല്‍ പരീക്ഷ സമരക്കാര്‍ തടഞ്ഞെന്ന് പ്രിന്‍സിപ്പല്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ സ്ഥാനാര്‍ത്ഥികളുടെ നോമിനേഷന് തള്ളിയിരുന്നു. എ ഐ എസ് എഫ് നേതൃത്വത്തിലുള്ള പാനലാണ് കോളേജില്‍ ജയിച്ചത്. ഇതിന് പിന്നാലെയാണ് സമരം.