പറവൂര്‍: കോവിഡ് കാലത്തെ ആദ്യ തിരഞ്ഞെടുപ്പാണ് സംസ്ഥാനത്ത് നടക്കുന്നത്. അതുകൊണ്ട് തന്നെ സുരക്ഷിത സാഹചര്യം മുന്‍ നിര്‍ത്തി സ്ഥാനാര്‍ത്ഥികള്‍ എല്ലാം തന്നെ ഡിജിറ്റല്‍ പ്രചരണങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. എന്നാല്‍ അതില്‍ തന്നെ വ്യത്യസ്തത പുലര്‍ത്തുകയാണ് എറണാകുളം ജില്ലാ പഞ്ചായത്ത് കടുങ്ങല്ലൂര്‍ ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. യേശുദാസ് പറപ്പിള്ളി.
ഡിജിറ്റല്‍ റോഡ് ഷോ, ഡിജിറ്റല്‍ കലാശക്കൊട്ട് തുടങ്ങിയ പ്രചരണ രീതികളിലൂടെ മറ്റ് സ്ഥാനാര്‍ത്ഥികളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായി പൂര്‍ണമായി സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം ഉപയോഗിച്ചാണ് അഡ്വ. യേശുദാസ് പറപ്പിള്ളിയുടെ പ്രചരണം. കോവിഡ് വൈറസ് വ്യാപനത്തിനെതിരായി മാസ്ക് ധരിക്കണം എന്ന സന്ദേശവും ഡിജിറ്റല്‍ റോഡ് ഷോയിലൂടെ അഡ്വ. യേശുദാസ് പറപ്പിള്ളി നല്കുന്നു.
സ്വന്തം ചിഹ്നമായ ഓട്ടോറിക്ഷയില്‍ നടത്തുന്ന അനൗണ്‍സ്മെന്റ് വാഹനത്തിനു പുറകിലായി തുറന്ന ജീപ്പിലാണ് യേശുദാസ് പറപ്പിള്ളിയുടെ റോഡ് ഷോ. വഴി നീളെ അദ്ദേഹത്തിന്റെ കൂറ്റന്‍ കട്ടൗട്ടുകളും കാണാം. ആനയും, ശിങ്കാരിമേളവും, ബാന്‍ഡ് വാദ്യ സംഘവുമെല്ലാം ഡിജിറ്റല്‍ കലാശക്കൊട്ടില്‍ അണിനിരന്നിരിക്കുന്നു. കടുങ്ങല്ലൂര്‍, ആലങ്ങാട്, വരാപ്പുഴ, ചേരാനെല്ലൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന കടുങ്ങല്ലൂര്‍ ഡിവിഷനില്‍ നിന്നുമാണ് അഡ്വ. യേശുദാസ് പറപ്പിള്ളി ഹാട്രിക് വിജയം സ്വന്തമാക്കുവാന്‍ വേണ്ടി മത്സരിക്കുന്നത്. 2010 ലെ തിരഞ്ഞെടുപ്പിലും കടുങ്ങല്ലൂര്‍ ഡിവിഷനില്‍ നിന്നും വിജയിച്ചു ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു.
ഡിജിറ്റല്‍ പ്ലാറ്റ് ഫോം ആയതിനാല്‍ തന്നെ മാസ്ക് തീരെ നിര്‍ബ്ബന്ധം ഇല്ലായിരുന്നുവെങ്കിലും മാസ്ക് ധരിച്ചു നടക്കണം എന്നതും, മാസ്ക് ധരിച്ചു വോട്ട് ചെയ്യാന്‍ എത്തണം എന്നതും ആശയത്തിന് പുറകില്‍ ഉണ്ടായിരുന്നു എന്നതിനാല്‍ തന്നെ പ്രചരണത്തോടൊപ്പം മാസ്ക് ധരിക്കുക എന്ന സന്ദേശം ഒഴിവാക്കിക്കൂടാ എന്ന് കരുതി തന്നെയാണ് ആവിഷ്ക്കാരത്തിനു മുന്‍ഗണന നല്‍കിയത് എന്ന് ഡിജിറ്റല്‍ റോഡ് ഷോയുടെ സംവിധായകന് ജോ ജോഹര്‍ പറഞ്ഞു. കണ്ണൂര്‍ സ്വദേശി ദ്വിപിന് നാരായണനാണ് അനിമേഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. ശബ്ദം നല്‍കിയിരിക്കുന്നത് നിഖില്‍ മെട്രോ.
Youtube Link: