മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ തിരക്കേറിയ റോട്ടറി റോഡില്‍ ഗട്ടറുകള്‍ രൂപപെട്ട് അപകടങ്ങള്‍ നിത്യസംഭവമായി മാറി കഴിഞ്ഞിട്ടും നടപടിയെടുക്കാത്ത നഗരസഭയ്ക്ക് എതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഇവിടുത്തെ പ്രധാന ഗട്ടറില്‍ വാഴനട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു. വണ്‍വേ ജംഗ്ഷനില്‍ തുടങ്ങി എവറസ്റ്റ് കവലയില്‍ അവസാനിക്കുന്ന റോഡിന്റെ ഒരു ഭാഗമാണ് പൂര്‍ണമായി തകര്‍ന്നിട്ടുള്ളത്.
ബസ്സുകളും ലോറികളുമടക്കം നിരവധി വലിയ ഭാരവണ്ടികളും ഈ വഴിയാണ് കടന്ന് പോകുന്നത്. ഫയര്‍ഫോഴ്സിന്റെ ഓഫീസിന് മുന്നിലായാണ് പ്രധാനമായും ഗട്ടര്‍ രൂപപ്പെട്ടിട്ടുള്ളത്. നിരവധി പ്രാവശ്യം പരാതികള്‍ പറഞ്ഞിട്ടും അധികൃതര്‍ നടപടി എടുക്കാത്തതിന് തുടര്‍ന്നാണ് നാട്ടുകാരുടെ പ്രതിഷേധം.
മഴക്കാലത്തിനൊപ്പം സ്കൂള്‍ കാലവും എത്തിയതോടെ വഴിയാത്രക്കാര്‍ക്ക് പോലും നടക്കാന്‍ കഴിയാത്ത വലിപ്പത്തിലാണ് ഇവിടെ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുള്ളത്. വാഹനങ്ങള്‍ കുഴിയില്‍ വീണുണ്ടാകുന്ന അപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം നിരവധിയാണ്. ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യ സംഭവവമായി മാറിയി കഴിഞ്ഞു.
നിര്‍മ്മാണത്തിലെ പോരായ്മകളും അശാസ്ത്രീയ നിര്‍മ്മാണവും കൃത്യമായ മെയിന്റനന്‍സ് നടത്താത്തതുമാണ് റോഡ് തകരാന്‍ കാരണം. ഇതിനൊപ്പം റോട്ടറി റോഡില്‍ രൂപപ്പെട്ടിട്ടുള്ള ചെറിയ വെള്ളക്കെട്ടുകളും റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.
റോഡ് ശോചനീയാവസ്ഥയിലായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ബന്ധപ്പെട്ട നഗരസഭ അധികൃതരോ കൗണ്‍സിലര്‍മാരോ വിഷയത്തില്‍ കാര്യമായി ഇടപെടല്‍ നടത്താത്തതിനെ തുടര്‍ന്നാണ് സെൻട്രൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. റോട്ടറി റോഡിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് വാഹനങ്ങള്‍ തടയുന്നത് അടക്കമുള്ള കൂടുതല്‍ സമരങ്ങള്‍ക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍