മൂവാറ്റുപുഴ: സംസ്ഥാന ബജറ്റില്‍ മൂവാറ്റുപുഴയ്ക്ക് നിരാശ മാത്രമെന്ന് മുന്‍ എം.എല്‍.എ എല്‍ദോ എബ്രഹാം.കാര്‍ഷിക മേഖലക്ക് പ്രാധാന്യമുള്ള മൂവാറ്റുപുഴയ്ക്ക് ഇണങ്ങുന്ന ഒരു പദ്ധതിയും ബജറ്റില്‍ ഉള്‍പ്പെട്ടില്ല. ഗതാഗത കുരുക്കിന് പരിഹാരമാകുന്ന റിംഗ് റോഡുകള്‍ക്കോ, മണ്ഡലത്തിലെ പ്രധാന പാതകളുടെ നിര്‍മാണത്തിനോ ബജറ്റില്‍ നിന്ന് പണം അനുവദിപ്പിക്കാന്‍ മാത്യൂ കുഴലനാടന്‍ എം.എല്‍ എ യ്ക്ക് കഴിഞ്ഞില്ല. ജനറല്‍ ആശുപത്രി, നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങള്‍ എന്നിവയുടെ പുരോഗതിക്കോ ബജറ്റില്‍ പരിഗണന ലഭിച്ചില്ല.
നിലനില്‍പ്പ് അപകടത്തിലായ വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട്സ് പ്രോസസിംഗ് കമ്പനിയുടെ ഭാവി ലക്ഷ്യമാക്കി ഇടപെടാനും എം.എല്‍.എ.ക്കായില്ല. കഴിഞ്ഞ 4 ബജറ്റിലും മൂവാറ്റുപുഴക്കായി ഒരു പുതിയ പദ്ധതി പോലും അനുവദിപ്പിച്ചെടുക്കാന്‍ കഴിയാത്തത് എം.എല്‍.എ സമ്പൂര്‍ണ്ണ പരാജയമായതിനാലാണെന്നും എല്‍ദോ എബ്രഹാം കുറ്റപെടുത്തി. ‘കൂടുതല്‍ മികച്ച മൂവാറ്റുപുഴ’ എന്ന ആശയം മുന്നോട്ട് വച്ച് ജനപ്രതിനിധി കഴിഞ്ഞ 44 മാസം കൊണ്ട് നാടിനെ പിന്നോട്ട് നടത്തിയെന്നും എല്‍ദോ എബ്രഹാം പറഞ്ഞു.