മുവാറ്റുപുഴ : 2025-2026 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ മുവാറ്റുപുഴ മണ്ഡലത്തിൽ നിന്നും സമർപ്പിച്ച 182.65 കോടി രൂപയുടെ 21 പദ്ധതികൾക്ക് ബജറ്റിൽ ഇടം ലഭിച്ചതായി മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു. തൊടുപുഴ – പിറവം റോഡിന് ലഭിച്ച ബജറ്റ് പ്രൊവിഷൻ ഉൾപ്പെടെ 21 പദ്ധതികൾക്ക് ബജറ്റിൽ സംസ്ഥാന സർക്കാർ ടോക്കൺ പ്രൊവിഷൻ നൽകി. 23 പദ്ധതികളാണ് സംസ്ഥാന ബജറ്റിലേക്ക് മുവാറ്റുപുഴ മണ്ഡലത്തിൽ നിന്നും സമർപ്പിച്ചത്.
തൊടുപുഴ -പിറവം റോഡ് റോഡിൽ മുവാറ്റുപുഴ മണ്ഡലത്തിന്റെ ഭാഗമായ മാറിക മുതൽ കരിമ്പന വരെയുള്ള ഭാഗം ഉന്നത നിലവാരത്തിൽ നവീകരിക്കുന്നതിന് 5 കോടി രൂപ അനുവദിച്ചു, പദ്ധതി തുകയുടെ 20 ശതമാനം വരുന്ന 1 കോടി രൂപയുടെ സാമ്പത്തിക അംഗീകാരം ബജറ്റിൽ ലഭിച്ചു. പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചാൽ 5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കി നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് നടക്കുവാൻ സാധിക്കും.
6 കിലോമീറ്റർ ദൂരത്തിലാണ് ഈ റോഡ് ബി.എം.ബി.സി നിലവാരത്തിൽ നവീകരിക്കുന്നത്. എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കുവാൻ എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ടോക്കൺ പ്രൊവിഷൻ ലഭ്യമായ പദ്ധതികൾ.
റോഡുകൾ : വാഴക്കുളം -കല്ലൂർക്കാട് റോഡ്, വാഴക്കുളം – കോതമംഗലം റോഡിൽ നീരംപുഴ- കലൂർ റോഡ്, വാളിയപാടം -മാറാടി റോഡ്, മുവാറ്റുപുഴ തെക്കൻകോട് ബൈപാസ്, മുവാറ്റുപുഴ -മാറാടി റോഡ്, മീങ്കുന്നം -മണ്ണത്തൂർ റോഡ്, രണ്ടാർ ലിങ്ക് റോഡ്, കലൂർ- കടവൂർ റോഡ്, പോത്താനിക്കാട് -ചാത്തമറ്റം റോഡ്, അമ്പലപ്പടി- വീട്ടൂർ റോഡ്, അമ്പലപ്പടി-റാക്കാട് റോഡ്, മാറാടി – പെരുവാൻമുഴി റോഡ്
സമഗ്ര വികസനം : മുവാറ്റുപുഴ ജനറൽ ആശുപത്രി, വാഴക്കുളം അഗ്രോ പ്രോസസ്സിംഗ് കമ്പനി
കായനാട് ചെക്ക്ഡാം നവീകരണം, മൂവാറ്റുപുഴ ഫയർ സ്റ്റേഷൻ പുതിയ കെട്ടിട നിർമ്മാണം. വിദ്യാഭ്യാസം : പോത്താനിക്കാട് ഗവ എൽ പി സ്കൂൾ – കെട്ടിട നിർമ്മാണം, ഗവ ഹയർ സെക്കണ്ടറി സ്കൂൾ ശിവൻക്കുന്ന് ഒന്നാം നില കെട്ടിട നിർമ്മാണം, ഗവ എൽ പി സ്കൂൾ കടവൂർ – പുതിയ കെട്ടിട നിർമ്മാണം. പാലങ്ങൾ : അമ്പലംകുന്ന് റോഡ് കാപ്പിപ്പിള്ളി പാലം പുനർ നിർമ്മാണം, വള്ളിക്കട പാലം നിർമാണം