മലപ്പുറം: വേങ്ങര സ്വദേശിയെ കബളിപ്പിച്ച് ഒരു കോടി 8 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. ബീഹാർ സ്വദേശി അനീഷ് കുമാർ സോനുവാണ് മലപ്പുറം സൈബർ ക്രൈം പൊലീസിന്റെ പിടിയിലാകുന്നത്. ട്രേഡിങ്ങിലൂടെ മികച്ച ലാഭം നേടി തരാം എന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ പണം തട്ടിയത്.
ബീഹാറിലെ രൂപസ്പൂറിൽ നിന്നാണ് പ്രതി അനീഷ് കുമാർ സോനു മലപ്പുറം സൈബർ ക്രൈം പൊലീസിൻ്റെ പിടിയിലാകുന്നത്. വേങ്ങര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്, മലപ്പുറം സൈബർ ക്രൈം പോലീസിന് കൈമാറിയിരുന്നു. സൈബർ പൊലീസിന്റെ അന്വേഷണത്തിൽ ആദ്യം ഡൽഹി, ഹരിയാന സ്വദേശികൾ പിടിയിലായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അനീഷ് കുമാർ സോനുവിലേക്ക് അന്വേഷണം എത്തിയത്. മലപ്പുറം സൈബർ സ്ക്വാഡ് അംഗങ്ങൾ ദിവസങ്ങളോളം ബിഹാറിൽ ക്യാമ്പ് ചെയ്താണ് അനീഷ് കുമാർ സോനുവിനെ അറസ്റ്റ് ചെയ്തത്. മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി.