മൂവാറ്റുപുഴ :- മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതക്കുരു ഒഴിവാക്കുന്നതിന് ഏറെ സഹായകരമായ ആശ്രമംകുന്ന് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വെള്ളിയാഴ്ച രാത്രിയോടെ ആരംഭിച്ചു. കോതമംഗലത്ത് നിന്നും തൊടുപുഴ, കോട്ടയം, പിറവം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് നഗരത്തില്‍ പ്രവേശിക്കാതെ തിരക്കുകള്‍ ഒഴിവാക്കി പോകുന്നതിന് ഏറെ സഹായകരം ആയിരുന്ന ഈ റോഡ് അമൃത കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി വാട്ടര്‍ അതോറിറ്റി കുഴികള്‍ എടുക്കുകയും തുടര്‍ന്ന് ഏറെ നാളുകളായി ഈ റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്കരമായ അവസ്ഥയിലായിരുന്നു.
മൂവാറ്റുപുഴ നഗര വികസനത്തിന് ഏറെ സഹായകരമായ നഗര റോഡുകള്‍ ഉന്നത നിലവാരത്തില്‍
സഞ്ചാരയോഗ്യമാക്കുന്നതിനായി 2023 – 24 വര്‍ഷത്തെ സംസ്ഥാന ബജറ്റിലേക്ക് എംഎല്‍എ നിര്‍ദ്ദേശിച്ച ആസാദ് – കീച്ചേരിപ്പടി കെഎം എല്‍ പി സ്കൂള്‍ റോഡ്, ആശ്രമംകുന്ന് റോഡ്, ഇഇസി മാര്‍ക്കറ്റ് – പുളിഞ്ചോട് റോഡ്, കാവുങ്കര മാര്‍ക്കറ്റ് റോഡ് എന്നിവ ബിഎംബിസി നിലവാരത്തില്‍ പൂര്‍ത്തീകരിക്കുന്നതിനായി അഞ്ചുകോടി രൂപയാണ് അനുവദിച്ചിരുന്നത്.
ആസാദ് – കീച്ചേരിപ്പടി കെഎം എല്‍ പി സ്കൂള്‍ റോഡ്, മാര്‍ക്കറ്റ് റോഡ്, ആശ്രമംകുന്ന് റോഡ് എന്നീ റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ആശ്രമംകുന്ന് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആ വഴിയുള്ള യാത്രക്കാരുടെ സൗകര്യം കൂടി കണക്കിലെടുത്ത് രാത്രികാലങ്ങളിലാണ് നിര്‍വഹിക്കുന്നത്. ഈ സമയങ്ങളില്‍ ഭാഗികമായി വാഹനഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും എന്നും അതിനോട് പ്രദേശവാസികളും പൊതുജനങ്ങളും സഹകരിക്കണമെന്നും എംഎല്‍എ അറിയിച്ചു.