മൂവാറ്റുപുഴ : ഹരിത കർമ്മ സേന അംഗങ്ങൾക്ക് ജനങ്ങൾ പൂർണ്ണ പിന്തുണ നൽകണമെന്ന് ഡോ. മാത്യു കുഴൽനാടൻ എംഎൽഎ. മാലിന്യ സംസ്കരണത്തിന് ജനങ്ങൾ നൽകുന്ന യൂസർ ഫീയാണ് ഇവരുടെ ഏക വരുമാനം. പൈങ്ങോട്ടൂർ പഞ്ചായത്തിലെ ഹരിത കർമ്മസേനയിലെ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് അതാത് പഞ്ചായത്തുകളിലും നഗരസഭയിലും സംഘടിപ്പിക്കുന്നുണ്ട്.
ജനങ്ങൾ പൂർണ്ണമായും സഹകരിച്ചാൽ മാത്രമേ മാലിന്യ സംസ്കരണം ഒരു തൊഴിലായി മാറ്റുവാൻ ഇവർക്ക് സാധിക്കുകയുള്ളു. ഡോ. മാത്യു കുഴൽനാടൻ എംഎൽഎ മണ്ഡലത്തിൽ നടപ്പിലാക്കുന്ന ഹരിതം പദ്ധതി പ്രകാരമാണ് ചടങ്ങ് സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷം ആശ പ്രവർത്തകരെ നേരിൽ കണ്ട് പ്രശ്നങ്ങൾ കേൾക്കുകയും ഓണക്കോടി നൽകി അവരെ ആദരിക്കുകയും ചെയ്യുന്ന ചടങ്ങ് എംഎൽഎ സംഘടിപ്പിച്ചിരുന്നു.
വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രകൃതി സൗഹർദപരമായി സംസ്കരിക്കുന്ന ജോലിയാണ് ഹരിത കർമ്മ സേനയിലെ അംഗങ്ങൾ നിർവഹിക്കുന്നത്. കൃത്യമായ വരുമാനം ഉറപ്പ് വരുത്തിയാൽ മാത്രമേ നാട് മാലിന്യ വിമുക്തമാവുകയുള്ളുവെന്ന് എംഎൽഎ പറഞ്ഞു. പൈങ്ങോട്ടൂരിൽ ഹരിത കർമ്മ സേന അംഗങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന രണ്ടുപേർക്ക് സൗജന്യമായി ഡ്രൈവിംഗ് പരിശീലനം നൽകുമെന്ന് മാത്യുനാടൻ എംഎൽഎ പറഞ്ഞു.
പൈങ്ങോട്ടൂർ പഞ്ചായത്തിലെ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് കുര്യാക്കോസ് മെമ്മോറിയൽ ഹാളിലാണ് സംഘടിപ്പിച്ചത്. എല്ലാ അംഗങ്ങൾക്കും ഓണക്കോടി നൽകി എംഎൽഎ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി ഷിജു, ജില്ല പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആനീസ് ഫ്രാൻസിസ്, പഞ്ചായത്ത് അംഗങ്ങളായ വിൻസി ഷാജി, നൈസ് എൽദോ, റെജി സാന്റി, സാറാമ്മ പൗലോസ്, സിസി ജെയ്സൺ, റോബിൻ അബ്രഹാം, മാത്യു ആദായി, ബിജിത്ത് എം ആദായി എന്നിവർ സംസാരിച്ചു.