മൂവാറ്റുപുഴ: നഗരത്തിലെ ഗതാഗത കുരുക്കഴിക്കുവാന്‍ അത്യന്താപേക്ഷിതമെന്നും, താരതമ്യേന കുറഞ്ഞ ദൂരത്തിലും ചെലവിലും നിര്‍മ്മിക്കുവാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്ന, പുതിയ ബൈപാസ്സിനായുള്ള നിര്‍ദ്ദേശവുമായി പൊതുപ്രവര്ത്തകന്. ബൈപാസ്സിന്റെ ഏകദേശ രൂപരേഖ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും മാത്യു കുഴലനാടന്‍ എംഎല്‍എക്കും സമര്‍പ്പിച്ചു.
ഒരു ദേശീയപാതയും, എംസി റോഡ് ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനപാതകളും, സംഗമിക്കുന്ന നഗരമെന്ന നിലയില്‍ മൂവാറ്റുപുഴയില്‍ ഇപ്പോള്‍ അനുഭവപ്പെട്ടുവരുന്ന ഗുരുതരമായ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്തുന്നതിന് അത്യന്താപേക്ഷിതമായ പദ്ധതികളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
സംസ്ഥാനപാത – സ്റ്റേറ്റ് ഹൈവേ 8 ലൂടെ തൊടുപുഴ ഭാഗത്ത്നിന്നും വരുന്ന വാഹനങ്ങള്‍ക്ക് മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതക്കുരുക്കില്‍പ്പെടാതെ യാത്ര തുടരുവാനുള്ള സാഹചര്യമൊരുക്കുന്ന തരത്തിലുള്ള, ഏകദേശം 1.4 കിലോമീറ്റര്‍ ദൂരം പ്രതീക്ഷിക്കുന്ന പുതിയ ‘തെക്കന്‍കോട് ബൈപാസ്സ് ‘ നിര്‍ദ്ദേശമാണ് സാമൂഹ്യ പ്രവര്‍ത്തകനായ പ്രമോദ്കുമാര്‍ മംഗലത്ത് മുന്നോട്ടുവച്ചിട്ടുള്ളത്.
തൊടുപുഴ റോഡില്‍നിന്നും മൂവാറ്റുപുഴ നഗരത്തിലേയ്ക്ക് വരുമ്പോള്‍, നിര്‍മ്മല കോളേജ് കഴിഞ്ഞുള്ളഭാഗത്ത്, നഗരസഭാപരിധിയിലുള്ള ലബ്ബക്കടവ് റോഡിലൂടെ പുഴത്തീരത്തെത്തി, പുതിയ പാലം നിര്‍മ്മിച്ച്, തെക്കന്‍കോട് ഭാഗത്തുള്ള എസ്തോസ് റോഡിനും പള്ളിക്കാവ് റോഡിനും ഇടയിലൂടെ ആരക്കുഴ റോഡ് (സ്റ്റേറ്റ് ഹൈവേ 41) മുറിച്ചുകടന്ന്, മാടവനക്ഷേത്ര റോഡ് ആരംഭിക്കുന്നഭാഗത്ത് എംസി റോഡില്‍ പ്രവേശിക്കും വിധത്തിലാണ് ഈ ബൈപാസ്സ്റോഡ് ഉണ്ടാകേണ്ടതെന്നാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്.
10 / 15 മീറ്റര്‍ വീതിയുള്ള രണ്ടുവരി പാത മതിയാകുമെന്നതും, തൊടുപുഴയാറിലെ താരതമ്യേന വീതികുറഞ്ഞ ഭാഗമായതിനാല്‍ പരമാവധി 2 സ്പാനില്‍ പാലം തീര്‍ക്കുവാന്‍ സാധിച്ചേക്കുമെന്നതും, വീടുകള്‍ ഒഴിവാക്കിയുള്ള സ്ഥലം ഏറ്റെടുപ്പ് സാദ്ധ്യമായേക്കുമെന്നതും അനുകൂല ഘടകങ്ങളാകുമെന്നും വിലയിരുത്തപ്പെടുന്നു.
ഈ ബൈപാസ്സിലൂടെ വരുന്ന യാത്രികര്‍ക്ക് നഗരത്തില്‍ പ്രവേശിക്കാതെ തന്നെ ആരക്കുഴ റോഡ് ( സ്റ്റേറ്റ് ഹൈവേ 41), എംസി റോഡ് ( സ്റ്റേറ്റ് ഹൈവേ 1), പിറവം റോഡ് എന്നിവയിലൂടെയും, നിര്‍ദ്ദിഷ്ട ( 130 ജംഗ്ഷന് – കടാതി ), ( കാരക്കുന്നം – കടാതി എന്‍എച്ച് 85 ) എന്നീ ബൈപാസ്സുകളില്‍ പ്രവേശിച്ച് എറണാകുളം, തൃശൂര്‍, മൂന്നാര്‍, ഭാഗങ്ങളിലേയ്ക്കും, തിരിച്ചും യാത്ര തുടരാനാകുമെന്നുള്ളത് പ്രധാന വസ്തുതയായി ചൂണ്ടിക്കാണിക്കുന്നതിനാല്‍ വന്‍ സ്വീകാര്യതയാണഅ ഈ ബൈപാസ്സ് നിര്‍ദ്ദേശത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.