മൂവാറ്റുപുഴ: എല്‍ദോ എബ്രഹാമിന്റെ തോല്‍വിക്ക് കാരണം എല്‍ദോയും ഒപ്പം പാര്‍ട്ടി നേതൃത്വത്തിനും പങ്കെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന് കണ്ടെത്തല്‍. തോല്‍വിക്കുള്ള പ്രധാന കാരണം എല്‍ദോയുടെ സൗഹാര്‍ദമോ ഏകോപനമോ ഇല്ലാത്ത പ്രവര്‍ത്തികളെന്നും കണ്ടെത്തല്‍. വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലന്നതടക്കമുള്ള എംഎല്‍എയുടെ സ്വന്തം പ്രവര്‍ത്തികള്‍ തന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി.
തെരഞ്ഞെടുപ്പിന് വേണ്ടത്ര ഒരുക്കം നടത്താന്‍ സിപിഐക്കോ കൂടിയാലോചനകള്‍ നടത്താന്‍ എല്ദോയ്ക്കോ കഴിഞ്ഞില്ല. പാര്‍ട്ടി ഘടകങ്ങള്‍ പലതും നിശ്ചലമായിരുന്നതായും കമ്മീഷന് കണ്ടെത്തി. വികസന പ്രവര്‍ത്തനങ്ങളിലടക്കം കൂടിയാലോചന നടത്താതെ പ്രത്യക സിന്‍ഡിക്കേറ്റായിരുന്നു എംഎല്‍എ ഓഫിസ് നിയന്ത്രിച്ചിരുന്നത്. ഇതോടെ എതിരായ പ്രാദേശിക ഘടകങ്ങള്‍ തെരഞ്ഞെടുപ്പ് വേളയില്‍ നിശ്ചലമായിരുന്നതായും അന്വേഷണ കമ്മീഷന് കണ്ടെത്തി. കമ്മീഷന്റെ കണ്ടെത്തലുകളുടെ കൂടി അടിസ്ഥാനത്തില്‍ സിപിഐയില്‍ പൊട്ടിത്തെറി രൂക്ഷമാകും.
എല്‍ദോ എബ്രഹാമിന്റ തോല്‍വിയുമായി ബന്ധപെട്ട് നടന്ന തെരഞ്ഞടുപ്പ് അവലോകന യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.കഴിഞ്ഞ ദിവസം സി പി.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മണ്ഡലം കമ്മിറ്റി യോഗത്തിലാണ് മൂവാറ്റുപുഴയിലെ പാര്‍ട്ടി നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നത്.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി വ്യാപകമായ പിരിവു നടത്തിയെങ്കിലും ഇത് തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു പ്രധാന ആരോപണം. തിരഞ്ഞെടുപ്പു പ്രചാരണത്തിനു പണം കണ്ടെത്തേണ്ടതിന്റെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന്റെയും എല്ലാം ചുമതല സ്ഥാനാര്‍ഥിയായ എല്‍ദോ ഏബ്രഹം വഹിക്കേണ്ടി വന്നുവെന്നും ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തിരിച്ചടിയായെന്നും ആക്ഷേപം ഉയര്‍ന്നു.
സംസ്ഥാന നേതൃത്വം നിയോഗിച്ച സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു, മുന്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്, സംസ്ഥാന നിര്‍വാഹക സമിതി അംഗം എ.കെ. ചന്ദ്രന് എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്.
മൂവാറ്റുപുഴയിലെ പാര്‍ട്ടി നേതൃത്വത്തില്‍ ഉണ്ടായിരുന്നവരുടെ നിസഹകരണവും പാര്‍ട്ടിയിലെ വിഭാഗീയതയും തോല്‍വിക്കു കാരണമായതായാണ് യോഗത്തില്‍ ആരോപണം ഉയര്‍ന്നത്.മണ്ഡലത്തില്‍ എടുത്ത് പറയത്തക്ക വികസനം നടത്താനോ, തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനോ കഴിഞ്ഞില്ല.
നഗരസഭയും 11 പഞ്ചായത്തുകളും അടങ്ങുന്ന മണ്ഡലത്തില്‍ പോത്താനിക്കാട്, പൈങ്ങോട്ടൂര്‍, വാളകം, പായിപ്ര, കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍, എന്നീ പഞ്ചായത്തുകളില്‍ സിപിഐ പാര്‍ട്ടി നേതൃ സ്ഥാനത്തുണ്ടായിരുന്നവര്‍ സജീവമായില്ല.
പാര്‍ട്ടിയുടെയും സിപിഎമ്മിന്റെയും ചില നേതാക്കള്‍ കോണ്‍ഗ്രസുകാരും കരാറുകാരും ഉള്‍പ്പെടുന്ന സംഘടന രൂപീകരിച്ച് എംഎല്‍എയ്ക്കു സമാന്തരമായി പ്രവര്‍ത്തിച്ചുവെന്നും ഇത് എംഎല്‍എക്കു ദോഷമായെന്നും യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നു. പാര്‍ട്ടി നേതാക്കളില്‍ നിന്നു പോലും എല്‍ദോ ഏബ്രഹാമിനെതിരെ പ്രചാരണം ഉണ്ടായതായും വിമര്‍ശനമുയര്‍ന്നു.കെ.എന്‍. സുഗതന്, ബാബുപോള്‍, എല്‍ദോ ഏബ്രഹാം, ഇ.കെ. ശിവന്, ടി.എം. ഹാരിസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.