മുവാറ്റുപുഴ: ജലജീവന്‍ മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൈപ്പുകള്‍ സ്ഥാപിച്ചതിന് ശേഷം റോഡുകള്‍ വേഗത്തില്‍ പുനര്‍ നിര്‍മ്മിക്കണമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ നിര്‍ദ്ദേശം നല്കി. മുവാറ്റുപുഴ മണ്ഡലത്തിലെ നിരവധി റോഡുകളാണ് ജല ജീവന് മിഷന്റെ ഭാഗമായി പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ചത്. പൈപ്പ് ഇട്ടതിനു ശേഷവും ഈ റോഡുകളുടെ പുനര്‍ നിര്‍മ്മാണം നീളുകയാണ്. റോഡിന്റെ അറ്റകുറ്റ പണികള്‍ ഉടന്‍ തന്നെ പൂര്‍ത്തീകരിക്കണമെന്ന് എംഎല്‍എ നിര്‍ദ്ദേശം നല്കി. പൈപ്പുകള്‍ സ്ഥാപിച്ചതിന് ശേഷം പഞ്ചായത്ത് അധികൃതര്‍, ജല വകുപ്പ് എന്നിവര്‍ റോഡ് പരിശോധന നടത്തണം. ജനങ്ങള്‍ പരാതി ഉന്നയിക്കുന്നതിന് മുന്‍പ് തന്നെ വെട്ടിപ്പൊളിച്ച റോഡ് പൂര്‍വ്വ സ്ഥിതിയിലേക്ക് മാറ്റണമെന്ന് എംഎല്‍എ പറഞ്ഞു.
റോഡിന്റെ വശങ്ങളില് മണ്ണ് ഉയര്‍ന്നു നില്‍ക്കുന്നത് മൂലം ബൈക്ക് യാത്രികര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. പരിപാലന കാലാവധി പൂര്‍ത്തിയാകാത്ത ബി.എം. ബി.സി നിലവാരത്തിലുള്ള റോഡുകള്‍ പോലും വെട്ടിപ്പൊളിച്ചു മോശമാക്കി ഇട്ടിരിക്കുകയാണ്. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സമിതിയില്‍ മാത്യു കുഴല്നാടന് എംഎല്‍എ ഉന്നയിച്ചത്.
റോഡ് മുറിച്ചു പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് ആദ്യ കാലത്ത് പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ പൈപ്പുകള്‍ സ്ഥാപിക്കാന്‍ സാധിക്കാതെ പദ്ധതി ഇഴഞ്ഞതോടെ ഇതിന് പരിഹാരമായി പൊതുമരാമത്ത് വകുപ്പ് ജലജീവന്‍ മിഷനായി മാത്രം പ്രത്യേക ഉത്തരവ് ഇറക്കി. എന്നാല്‍ റോഡുകള്‍ മുറിക്കേണ്ട ആവശ്യം വന്നാല്‍ അവ പുനര്നിര്മിക്കേണ്ട ഉത്തരവാദിത്തം ജലജീവന്‍ മിഷനാണ്. പല സ്ഥലങ്ങളിലും ഇത് പാലിക്കുന്നില്ല എന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്ന ജലജീവന്‍ ഓഫിസുകളില്‍ ജീവനക്കാരുടെ കുറവ് ഉണ്ടോ എന്ന കാര്യവും പരിശോധിക്കണമെന്ന് ആവശ്യം ഉയര്‍ന്നു. താത്കാലിക ജീവനക്കാരെയാണ് ജല ജീവന് മിഷന് പദ്ധതി നടത്തിപ്പിനായി നിയമിച്ചിട്ടുള്ളത്.
പദ്ധതിയുടെ നടത്തിപ്പ് ചുമതല അതാത് തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. ടെന്‍ഡര്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതും നിര്‍മ്മാണ മേല്‍നോട്ടവും കേരള വാട്ടര്‍ അതോറിറ്റി, ജലനിധി, ഭൂജല വകുപ്പ് എന്നി നിര്‍വഹണ ഏജന്‍സികള്‍ക്കാണ്. ഡോ. മാത്യു കുഴല്‍ നാടന്‍ എംഎല്‍എ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെജി രാധാകൃഷ്ണന്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ഓ പി ബേബി പി എം അസീസ് ഷെല്‍ മി ജോണ്‍ ആന്‍സി ജോസ് കെ പി എബ്രഹാം, ആര്.ഡി.ഒ . അനി. പി എ , തഹസില്‍ദാര്‍ രഞ്ജിത്ത് ജോര്‍ജ്, എല്‍ എ തഹസില്‍ദാര്‍ മുരളീധരന് നായര്‍ എം.ജി ,മറ്റ് വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.