പെരുമ്പാവൂർ : മുടക്കുഴ ഗ്രാമ പഞ്ചായത്തിലെ പുഴുക്കാട് ഗവ. എൽ.പി സ്കൂളിന് അനുവദിച്ചു നിർമ്മാണം പൂർത്തീകരിച്ച പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു.
കഴിഞ്ഞ വർഷത്തെ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 22.57 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം. രണ്ട് ക്ലാസ് മുറികൾ ഉൾപ്പെടെ 1023 ചതുരശ്രയടി ചുറ്റളവിലാണ് കെട്ടിടം നിർമ്മിച്ചത്. ഭാവിയിൽ രണ്ട് നിലകളിൽ കൂടി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഉതകുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയത്. മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന ഇൻസ്പെയർ പെരുമ്പാവൂർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അക്കാദമിക്ക് ബ്ലോക്കിന്റെ നിർമ്മാണത്തിന് തുക അനുവദിച്ചത്.
മുടക്കുഴ ഗ്രാമപഞ്ചായത്തിൽ ലോവർ പ്രൈമറി വിഭാഗത്തിലെ പ്രധാനപ്പെട്ട വിദ്യാലയമായ പുഴുക്കാട് ഗവ. എൽ. പി സ്കൂൾ സ്ഥാപിച്ചിട്ടു കഴിഞ്ഞ വർഷം 100 വർഷം പിന്നിട്ടിരുന്നു. പ്രി പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 5 ഡിവിഷനുകളിലായി 127 കുട്ടികൾ 1917 ൽ സ്ഥാപിതമായ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. കാലപ്പഴക്കം മൂലം ക്ലാസ് മുറികൾ കാലഹരണപ്പെട്ടതിനെ തുടർന്നാണ് മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന ഇൻസ്പെയർ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായി പുതിയ അക്കാദമിക്ക് ബ്ലോക്ക് നിർമ്മാണത്തിന് തുക അനുവദിച്ചത്.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി അജിത്കുമാർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ജാൻസി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.പി വർഗീസ്, അഡ്വ. ജോബി മാത്യു, പഞ്ചായത്തംഗങ്ങളായ ഷൈമി വർഗീസ്, ഷോജ റോയി, മിനി ഷാജി, ലിസി മത്തായി, പി.കെ രാജു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.പി അവറാച്ചൻ, ജോഷി തോമസ്, പ്രധാനാധ്യാപിക എ.എം അന്നക്കുട്ടി, പി.ടി.എ പ്രസിഡന്റ് കെ. അജിത്കുമാർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു