മൂവാറ്റുപുഴയില്‍ ദളിത് കുടുംബത്തിന്റെ ജപ്തി ഒഴിവാക്കാന്‍ നല്കിയ പണം തിരിച്ചെടുക്കാന്‍ ജീവനക്കാര്‍ക്ക് കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ നിര്‍ദേശം. വീടിന്റെ ഉടമസ്ഥനായ അജേഷ് സഹായം നിരസിച്ച സാഹചര്യത്തിലാണ് യൂണിയന് നിര്‍ദേശം നല്‍കിയത്. വായ്പ കൂടിശ്ശിക തുക സിഐടിയു അടച്ചെന്ന് ബാങ്ക് ചെയര്മാന് ഗോപി കോട്ടമുറിക്കല്‍ അറിയിച്ചിരുന്നു.
തന്നേയും കുടുംബത്തേയും നിരന്തരം അപമാനിച്ചവരുടെ പണം തനിക്ക് വേണ്ടെന്ന് അജേഷ് തീരുമാനിക്കുകയായിരുന്നു. മറിച്ച് മാത്യൂ കുഴല്നാടന് എംഎല്‍എയുടെ സഹായം താന്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘എന്നെ ഇതുവരേയും നാണം കെടുത്തിയവരാണ്. പല പ്രാവശ്യം ബാങ്കില്‍ പോയപ്പോഴും ഇതുപോലൊരു ദയ എന്നോട് കാണിച്ചിരുന്നെങ്കില്‍ ഈ അപമാനം എനിക്ക് നേരിടേണ്ടി വരില്ലായിരുന്നു. എന്റെ മക്കളും ഭാര്യയുമെല്ലാം നാണം കെട്ടു. ഞാന്‍ വലിയ കടബാധ്യതയുണ്ടാക്കി മുങ്ങി നടക്കുകയാണെന്ന തരത്തിലാണ് അവര്‍ എന്നെ ചിത്രീകരിച്ചത്. വിശന്ന് മരിച്ചിട്ട് ബിരിയാണിയില്‍ കുഴിച്ചിട്ടിട്ട് കാര്യമുണ്ടോ. വിശക്കുമ്പോള്‍ ഭക്ഷണം തരികയല്ലേ വേണ്ടത്.’ എന്നായിരുന്നു അജേഷിന്റെ പ്രതികരണം.
ശനിയാഴ്ചയാണ് മൂവാറ്റുപുഴയിലെ പായിപ്രയില്‍ അജേഷിന്റെ വീട് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷ് ആശുപത്രിയിലായിരിക്കെയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്യാനെത്തിയത്. ഈ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാത്യു കുഴല്നാടന് എംഎല്‍എ ബാങ്ക് അധികൃതരെ വിളിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുകയും സാവകാശം വേണമെന്നും വീട് തുറന്നു കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ ഏറെ വൈകിയും അധികൃതര്‍ സ്ഥലത്തെത്തി വീട് തുറന്നു കൊടുക്കാത്തതിനാല്‍ എംഎല്‍എ തന്നെ പൂട്ട് പൊളിച്ച് വീട് തുറന്നു കൊടുത്തു. പിന്നാലെ ജപ്തി ചെയ്ത വീടിന്റെ ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കാണിച്ച് മാത്യു കുഴല്നാടന് ബാങ്കിന് കത്ത് നല്‍കിയത്.