ബിജെപി പിന്തുണയോടെ എല്‍ഡിഎഫ് അവിശ്വാസം പാസ്സായ കോട്ടയം നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് നവംബര്‍ 15 ന്. ഇടത് വലത് മുന്നണികള്‍ക്ക് 22 അംഗങ്ങള്‍ വീതമുള്ള കോട്ടയത്ത് വോട്ടെണ്ണല്‍ നിര്‍ണ്ണായകമാകും. എട്ട് അംഗങ്ങളുള്ള ബിജെപിയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സാധ്യതയുണ്ട്.
നേരത്തെ എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ 29 അംഗങ്ങള്‍ അനുകൂലിച്ചതോടെയാണ് യുഡിഎഫിന്റെ ഭരണം നഷ്ടമായത്. എട്ട് ബിജെപി അംഗങ്ങളുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത്. അവിശ്വാസ പ്രമേയത്തില്‍ നിന്ന് 22 കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനില്‍ക്കുകയായിരുന്നു.
ഒരു സിപിഎം സ്വതന്ത്രന്റെ വോട്ട് അസാധുവായി. ഭരണ സ്തംഭനം ആരോപിച്ചാണ് കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.