രോഗികളായ മക്കളുമായി ദുരിത ജീവിതം നയിച്ചിരുന്ന കല്യാണിക്കുട്ടി ടീച്ചര്‍ക്ക് ഇനി സ്വന്തം വീട്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച സ്നേഹ വീടിന്റെ താക്കോല്‍ദാനം എസി മൊയ്തീന് എംഎല്‍എ കല്യാണിക്കുട്ടി ടീച്ചര്‍ക്കും കുടുംബത്തിനും നല്കി നിര്‍വഹിച്ചു. പോര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് കല്യാണിക്കുട്ടി ടീച്ചര്‍ താമസിക്കുന്നത്.
പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് ഭരണ സമിതി, പോര്‍ക്കുളം കുടുംബശ്രീ, ജനകീയ കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് വീടിന്റെ
നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ആശ്രയ പദ്ധതി വഴിയാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. പുതുകുളങ്ങരെ വീട്ടില്‍ രാമകൃഷ്ണനും കിഴക്കേപ്പാട്ട് ലക്ഷ്മിയമ്മയും ചേര്‍ന്ന് 3 സെന്റ് ഭൂമി ഇവര്‍ക്ക് സൗജന്യമായി നല്‍കിയിരുന്നു.
വീടുകളില്‍ ചെന്ന് കുട്ടികള്‍ക്ക് സംഗീതം പഠിപ്പിച്ചിരുന്ന കല്യാണിക്കുട്ടിക്ക് ലോക്ക്ഡൗണ്‍ ആയതോടെ കഷ്ടപ്പാട് ഇരട്ടിയായി. സംഗീത പഠനം നിലച്ചതോടൊപ്പം മകന് ജയേഷ് ശരീരത്തിന്റെ വലതുവശം തളര്‍ന്ന് കിടപ്പിലായതും ഇവരുടെ ബുദ്ധിമുട്ട് ഇരട്ടിച്ചു. മറ്റൊരു മകന് ഹരീഷിനും തൊഴില്‍ ഇല്ലാതായി. കല്യാണിക്കുട്ടി സംഗീതം പഠിപ്പിച്ച വിദ്യാര്‍ത്ഥികള്‍ ലോക്ക്ഡൗണില്‍ അധ്യാപികയെ തേടിയെത്തിയപ്പോഴാണ് ഇവരുടെ കഷ്ടപ്പാട് അറിഞ്ഞത്.
തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. രാമകൃഷ്ണന്, വൈസ് പ്രസിഡന്റ് ജിഷ ശശി, ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു ബാലന്, പഞ്ചായത്തംഗം പി.സി. കുഞ്ഞന്‍ എന്നിവര്‍ ചേര്‍ന്ന് ഇവരെ അക്കിക്കാവിലെ ലക്ഷം വീട് കോളനിയിലെ 71-ാം നമ്പര്‍ അങ്കണവാടിയിലേക്ക് മാറ്റി. കല്യാണിക്കുട്ടിയുടെ മക്കള്‍ക്ക് ആവശ്യമായ ചികിത്സയും നല്കി.
ഇവരുടെ വീട്ടിലേക്ക് കൃത്യമായ വഴിയില്ലാത്തതിനാല്‍ മറ്റൊരു സ്ഥലം കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു പോര്‍ക്കുളം പഞ്ചായത്ത്. ഇതറിഞ്ഞ കൊങ്ങണ്ണൂര്‍ സ്വദേശിയായ രാമകൃഷ്ണന് 3 സെന്റ് സ്ഥലം സൗജന്യമായി നല്‍കുകയായിരുന്നു. സ്ഥലത്തിന്റെ ആധാരം കല്യാണിക്കുട്ടിക്ക് എസി മൊയ്തീന് എംഎല്‍എയാണ് െൈകെമാറിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. രാമകൃഷ്ണന് അധ്യക്ഷത വഹിക്കുന്ന താക്കോല്‍ദാന ചടങ്ങില്‍ നടന് വി. കെ. ശ്രീരാമന്, കലാമണ്ഡലം നിര്‍വാഹക സമിതി അംഗം ടി. കെ. വാസു, കവി റഫീക്ക് അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.