മൂവാറ്റുപുഴ : കീച്ചേരിപ്പടി കവലയെ പ്രകാശിപ്പിച്ച് മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. കൊച്ചി മധുര ദേശീയപാതയിലെ നഗരത്തിലെ ഏറ്റവും കൂടുതൽ ആളുകൾ വന്നു പോകുന്ന സ്ഥലമാണ് കീച്ചേരിപ്പടി ജംഗ്ഷൻ. രാത്രിയാകുന്നതോടെ ഇരുട്ടിൽ ആകുന്ന ഇവിടെ അപകടങ്ങളും ഏറെയായിരുന്നു. കെഎസ്ഇബിയുടെ പോസ്റ്റിൽ നിന്നുള്ള പരിമിതമായ വെളിച്ചം മാത്രമായിരുന്നു ഇവിടെ ആശ്രയം. ഈ സാഹചര്യത്തിലാണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്ന വാർഡ് കൗൺസിലറുടെയും നാട്ടുകാരുടെയും അഭ്യർത്ഥന മാനിച്ച് എംഎൽഎ ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചത്.
മാത്യു കുഴൽനാടൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 5,13,000 രൂപ ചിലവിൽ 6 ലൈറ്റുകളുടെ യൂണിറ്റാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. കൂടുതൽ പ്രദേശത്തേക്ക് വെളിച്ചം എത്തിക്കാൻ കഴിയുന്ന രീതിയിൽ വളരെയേറെ ഉയരത്തിലാണ് പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്. ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം മാത്യു കുഴൽനാടൻ എംഎൽഎ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ പി പി എൽദോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൗൺസിലർ ഫൗസിയ അലി സ്വാഗതം പറഞ്ഞു.
മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അബ്ദുൽസലാം, കൗൺസിലർ പി. വി രാധാകൃഷ്ണൻ, മൂവാറ്റുപുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് മുഹമ്മദ് പനയ്ക്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ എം അബ്ദുൽ സലാം, കബീർ പൂക്കടശ്ശേരി, അബ്ദുൽ കരീം , ഷാജി പാലത്തിങ്കൽ, മുഹമ്മദ് ചെറുകപ്പള്ളിൽ, ഷാനി കീച്ചേരി, ടി എം നാസർ, പി എ അബ്ബാസ്, മുഹമ്മദ് തോട്ടിങ്കൽ, മാഹിൻ വെളിയത്തു കൂടി, നവീദ് വലിയവീട്ടിൽ എന്നിവർ സംസാരിച്ചു.