എറണാകുളം: പാട്ട വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന്് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിക്ക് പാട്ടത്തിന് നല്‍കിയിരുന്ന സ്ഥലം റവന്യൂ വകുപ്പ് തിരിച്ചു പിടിച്ചു. 1976ല്‍ എറണാകുളം അഗ്രി. ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിക്ക് പാട്ടത്തിന് നല്കിയ ജില്ലാ കോടതിക്ക് സമീപമുള്ള എറണാകുളം വില്ലേജില്‍ ഉള്‍പ്പെട്ട അഞ്ച് സെന്റ് സ്ഥലമാണ് തിരിച്ചു പിടിച്ചത്. നാളിതുവരെ പാട്ടത്തുക ഒടുക്കാതിരുന്നതിനെ തുടര്‍ന്ന്് കണയന്നൂര്‍ തഹസീല്‍ദാര്‍ രഞ്ജിത്ത്് ജോര്‍ജ്ജ്, ഭൂരേഖാ തഹസീല്‍ദാര്‍ മുസ്തഫ കമാല്‍, വില്ലേജ് ഓഫീസര്‍ എല്‍. സിന്ധു എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം സര്‍ക്കാരിലേക്ക് ഏറ്റെടുത്തത്.
പാട്ടവ്യവസ്ഥ ലംഘിച്ചതിനാലും സമീപത്തുളള 5 സെന്റ് സര്‍ക്കാര്‍ പുറമ്പോക്ക് കയ്യേറിയതിനാലും കേരള ഭൂസംരക്ഷണ നിയമ പ്രകാരം നോട്ടീസ് നല്‍കിയാണ് ഭൂമി എറ്റെടുത്തതെന്നും പാട്ടത്തിന് നല്കിയ ഭൂമി പതിച്ചു കിട്ടുന്നതിനുള്ള സ്ഥാപനത്തിന്റെ അപേക്ഷ നേരത്തെ തന്നെ സര്‍ക്കാര്‍ നിരസിച്ചിരുന്നു എന്നും റവന്യു വകുപ്പ് അധികൃതര്‍ അറിയിച്ചു.
നഗരത്തിലെ പാട്ടവ്യവസ്ഥ ലംഘിച്ച എല്ലാ പാട്ട ഭൂമികള്‍ക്കും ഉടന്‍ തന്നെ കുടിശ്ശിക ഈടാക്കുവാനും തുക ഈടാക്കാത്ത പക്ഷം ഭൂമി സര്‍ക്കാരിലേക്ക് ഏറ്റെടുക്കാനും നടപടികള്‍ ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി. ഡപ്യൂട്ടി തഹസീല്‍ദാര്‍മാരായ, സി. സോയ സുരേഷ് കുമാര്‍, പോള്‍ കെ.പി, റവന്യൂ ഉദ്യോഗസ്ഥനായ ഡിവൈന്‍ ബനഡിക്ട് എന്നിവര്‍ സന്നിഹിതരായിരുന്നു.