വൈപ്പിന്‍ ടൂറിസം മേള ആര്‍പ്പോ -2022 ജില്ലയുടെ തന്നെ ടൂറിസം വികസനത്തിന് കരുത്തേകുമെന്ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്. വൈപ്പിന്‍ മണ്ഡലത്തില്‍ വിപുലമായി ഓണം ആഘോഷിക്കുന്നതിനോടനുബന്ധിച്ച് ഒരുക്കുന്ന വൈപ്പിന്‍ ടൂറിസം മേളയ്ക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നു. സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് വൈപ്പിന്‍. മണ്ഡലത്തിന്റെ വികസനത്തിന് കെ.എന്‍. ഉണ്ണിക്കൃഷ്ണന് ആവിഷ്കരിച്ചിട്ടുള്ള എല്ലാ പദ്ധതികള്‍ക്കും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മേളയ്ക്ക് ആശംസ അറിയിച്ച വീഡിയോ സന്ദേശത്തില്‍ മന്ത്രി വ്യക്തമാക്കി.
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അതിജീവനത്തിന്റെ സന്ദേശവുമായാണ് സംസ്ഥാന സര്‍ക്കാര്‍ ഓണം ആഘോഷിക്കുന്നത്. നവകേരളമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. വിനോദ സഞ്ചാര മേഖലയും അടിസ്ഥാന സൗകര്യവികസന മേഖലയും കോവിഡാനന്തര മുന്നേറ്റത്തിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.
നവകേരളത്തെ സൃഷ്ടിക്കാനുള്ള പ്രയാണത്തിന്റെ ഭാഗമാണ് ആറു വരെ തുടരുന്ന വൈപ്പിന്‍ ടൂറിസം മേള ആര്‍പ്പോ -2022 എന്ന് കെ.എന്‍ ഉണ്ണികൃഷ്ണന് എംഎല്‍എ പറഞ്ഞു. വൈപ്പിന്‍ ടൂറിസം മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രളയവും കോവിഡും മൂലം സാംസ്കാരിക കൂട്ടായ്മകള്‍ ഒന്നും നടന്നില്ല. അതുകൊണ്ടാണ് ഇത്തവണ വിപുലമായി ഓണം ആഘോഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. സാംസ്കാരിക ഇടങ്ങള്‍ കുറഞ്ഞു വരികയും അത്തരം സദസ്സുകള്‍ ചോദ്യം ചെയ്യപ്പെടുകയും ചെയുന്ന ഈ കാലഘട്ടത്തിലെ പച്ചതുരുത്തുകളാണ് ഇത്തരം സാംസ്കാരിക സദസ്സുകളെന്ന് എംഎല്‍എ പറഞ്ഞു. നാലു ദിവസങ്ങളിലായി നടക്കുന്ന ടൂറിസം മേളയില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. മണ്ഡലത്തിലെ അനന്തമായ ടൂറിസ്റ്റ് സാധ്യതതയും സുസ്ഥിര വികസനവും ലക്ഷ്യം വച്ചാണ് ഓണാഘോഷം ടൂറിസം മേളയായി നടത്തുന്നതെന്നും എംഎല്‍എ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ചടങ്ങില്‍ മുഖ്യാതിഥിയായി. വിവിധ കലാപരിപാടികള്‍ ക്രമീകരിച്ചു കൊണ്ടുള്ള വൈപ്പിന്‍ ടൂറിസം മേള ഏറ്റവും മികച്ച രീതിയിലാണ് സംഘടിപ്പിച്ചിരിക്കുന്നതെന്നും രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന മേളയാക്കി ‘ആര്‍പ്പോ’യെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. വൈപ്പിന്‍ മേഖലയില്‍ ടൂറിസം സാധ്യത വളരെ വലുതാണ്. അടുത്ത ഓണക്കാലം എത്തുമ്പോഴേക്കും കുഴുപ്പിളളി ബീച്ചിന്റെ മുഖച്ഛായ മാറ്റാനുള്ള പദ്ധതികള്‍ എല്ലാവരും ചേര്‍ന്ന് ആവിഷ്കരിക്കണം. ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഓപ്പണ്‍ ജിം തുടങ്ങിയ പദ്ധതികള്‍ തുടങ്ങാന്‍ അനുയോജ്യമായ ഇടമാണ് കുഴുപ്പിളളിയെന്നും അദ്ദേഹം പറഞ്ഞു.
കുഴുപ്പിളളി ബീച്ചില്‍ നടന്ന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിന് അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ പൂയപ്പിള്ളി തങ്കപ്പന്, വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എം.ബി ഷൈനി, കുടുംബശ്രീ ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ എം.ബി പ്രീതി, കൊച്ചിന് ഷിപ്പിയാര്‍ഡ് റിട്ടയേര്‍ഡ് മാനേജര്‍ സി.ആര് സീമ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ജെയ്സണ്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ ലളിത രമേശന് തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും കേരള കലാമണ്ഡലത്തിന്റെ നൃത്തനൃത്ത്യങ്ങളും അരങ്ങേറി. ടൂറിസം മേളയോടനുബന്ധിച്ച് ബീച്ചില്‍ കുടുംബശ്രീയുടെ ഭക്ഷ്യ മേളയും ആരംഭിച്ചിട്ടുണ്ട്. മേള ഏഴുവരെ തുടരും.