ശക്തമായ മഴ തുടര്‍ന്നിട്ടും എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്കാന് വൈകിയ കളക്ടര്‍ രേണുരാജിനെതിരെ വിമര്‍ശനം. കളക്ടറുടെ വൈകിയെത്തിയ ഫേസ്ബുക്ക് കുറിപ്പിന് താഴെ നിരവധിയാളുകളാണ് കമന്റിട്ടിരിക്കുന്നത്. കളക്ടര്‍ക്ക് ഉത്തരവാദിത്വമില്ല, മഴ കാരണം കളക്ടര്‍ ഉറങ്ങിപ്പോയതാണ് എന്നൊക്കെയാണ് വരുന്ന ചില കമന്റുകള്‍. കുട്ടികളെ സ്കൂളുകളിലേക്ക് വിടുന്നതിന് മുമ്പ് എങ്കിലും കളക്ടര്‍ അവധി പ്രഖ്യാപിക്കാന്‍ ശ്രമിക്കണമെന്നും രക്ഷിതാക്കള്‍ കളക്ടറുടെ പോസ്റ്റിന് താഴെ കുറിച്ചിട്ടുണ്ട്.
എന്നാല്‍, ഫേസ്ബുക്ക് പോസ്റ്റിന് കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ വിശദീകരണവുമായി കളക്ടറെത്തി. രാത്രിയില്‍ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവര്‍ത്തനം ആരംഭിച്ച സ്കൂളുകള്‍ അടക്കേണ്ടതില്ല. സ്കൂളുകളിലെത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും പുതിയ കുറിപ്പില്‍ കളക്ടര്‍ പറയുന്നു.
അതേസമയം, ശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്നാണ് പ്രവചനം. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തൃശൂര്‍,എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
കൂടാതെ തിരുവല്ല, കോതമംഗലം, മൂവാറ്റുപുഴ, ചാലക്കുടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും.