മൂവാറ്റുപുഴ: വധുവരന്മാര് വാക്സിന് ചലഞ്ചില്‍ പങ്കാളികളായി. കൊവിഡ് മഹാമാരിയില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനായി പ്രതിരോധ കുത്തി വയ്പിനുള്ള വാക്സിന് വാങ്ങുന്നതിനായി സര്‍ക്കാരിന്റെ വാക്സിന് ചലഞ്ചിലേക്ക് വിവാഹ മണ്ഡപത്തില്‍ നിന്നും വധുവരന്മാരുടെ കൈതാങ്ങ്. വിവാഹ സല്‍ക്കാരത്തിനായി നീക്കിവച്ചിരുന്ന 25000/ രൂപയാണ് വാക്സിന് ചലഞ്ചിലേക്ക് നല്‍കിയത്.
രാമമംഗലം പഞ്ചായത്തിലെ ഉള്ളേലികുന്ന് ചിന്ത ഗ്രന്ഥശാലയുടെ പ്രസിഡന്റ് പി.എസ്. രവീന്ദ്രന്റേയും, ഷീല രവീന്ദ്രന്റേയും മകന് അജൈ രവീന്ദ്രന്റെ വിവാഹത്തിന്റെ ചടങ്ങുകള്‍ ചുരുക്കിയ ശേഷമാണ് 25000 രൂപ വാക്സിന് ചലഞ്ചിലേക്ക് നല്‍കിയത്. രവീന്ദ്രന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ വധുവരന്മാരായ അജൈയും അശ്വതിയും കൂടി മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജോഷി സ്കറിയ, സെക്രട്ടറി സി.കെ. ഉണ്ണി എന്നിവര്‍ക്ക് സംഭാവന തുക കൈമാറി.
ചടങ്ങില്‍ സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്റ് പി.എസ്. മോഹനന്, ചിന്ത ഗ്രന്ഥശാല സെക്രട്ടറി രഞ്ജിത് പി.സി എന്നിവര്‍ പങ്കെടുത്തു. ചിന്ത ഗ്രന്ഥശാല നടത്തുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒന്നു മാത്രമണ് കൊവിഡ് വാക്സിന് ചലഞ്ചിലേക്ക് ഗ്രന്ഥശാല പ്രവര്‍ത്തനത്തിന്റെ ഭാഗമായി തുക നല്‍കിയത്.
ഇതോടൊപ്പം കൊവിഡ് ബാധിതരായ എല്ലാ കുടുംബങ്ങളിലും ഗ്രന്ഥശാല തയ്യാറാക്കിയ ഭക്ഷ്യ കിറ്റുകള്‍ എത്തിക്കുന്നുണ്ട്, വാക്സിനേഷന് എടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യുന്നതിന് ഗ്രന്ഥശാലയില്‍ ഹെല്പ് ഡസ്ക്ക് ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് ലൈബ്രറി പ്രസിഡന്റ് രവീന്ദ്രനും, സെക്രട്ടറി രഞ്ജിതും പറഞ്ഞു.