തനിക്ക് എതിരെ പ്രവര്‍ത്തിച്ചവര്‍ക്ക് എട്ടിന്റെ പണി നല്‍കുമെന്ന മുന്നറിയിപ്പുമായി അഴീക്കോട് എംഎല്‍എ കെഎം ഷാജി. എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യത കല്പ്പിക്കാന് കാരണമായ സംഭവത്തെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടാണ് ഭീഷണി. കണ്ണൂര്‍ വളപട്ടണത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കെഎം ഷാജിയുടെ വിവാദ പ്രസംഗം.
‘ഞാന്‍ ഉറപ്പിച്ചു പറയുന്നു എന്റെ പേര് കെഎം ഷാജി എന്നാണെങ്കില്‍ ഇത് ചെയ്തവന് എട്ടിന്റെ പണി കൊടുത്തിരിക്കും. അങ്ങനെ മറന്നു പോകാന്‍ ഞാന്‍ പ്രവാചകന് ഒന്നുമല്ല. മനുഷ്യനാണ് അനാവശ്യമായി തെരുവിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് കാര്യങ്ങള്‍ ഞാന്‍ അങ്ങനെ വിട്ടു കളയും എന്ന് ആരും ധരിക്കരുത്’- കെ എം ഷാജി പ്രസംഗത്തില്‍ പറഞ്ഞു. ഇതിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെയും വെറുതെ വിടില്ലെന്ന് കെ എം ഷാജി പറഞ്ഞു. ‘യുഡിഎഫ് വന്നാല്‍ എല്ലാം മറന്നുപോകുന്ന ഒരു രീതിയുണ്ട്. എന്നാല്‍ മറക്കാതെ കാത്തുവെക്കും കെഎം ഷാജി’,- ഇത്തരത്തിലായിരുന്നു എംഎല്‍എയുടെ വിവാദ പ്രസംഗം.
തന്റെ മനസ്സില്‍ താന്‍ കാത്തു സൂക്ഷിക്കുന്ന ചില സത്യസന്ധത ഉണ്ട്. വര്‍ഗീയതയുടെ ഒരു അംശം പോലും മനസ്സില്‍ ഉണ്ടാകരുതെന്ന് പ്രവര്‍ത്തകരോട് പറയുന്ന ആളാണ് താനെന്നും കെഎം ഷാജി പ്രസംഗത്തില്‍ പറഞ്ഞു.
”2016 ല്‍ എല്ലാം പരിശോധിച്ച തെരഞ്ഞെടുപ്പാണ് നടന്നത്. എനിക്കെതിരെ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കി കിണറ്റില്‍ വരെ ഇറങ്ങി തപ്പി. ഒന്നും കിട്ടാതെ വന്നപ്പോഴാണ് വൃത്തികെട്ട ഒരു ആരോപണം എനിക്കെതിരെ ഉന്നയിച്ചത്”, പ്രസംഗത്തില്‍ കെഎം ഷാജി വ്യക്തമാക്കി.
വളപട്ടണത്ത് നിന്നുള്ള ഉള്ള ഒരാള്‍ തന്നെയാണ് കേസിന് വേണ്ടി നോട്ടീസ് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി കൊടുത്തത് എന്നാണ് കെഎം ഷാജിയുടെ ആരോപണം. അനാവശ്യമായ കള്ളക്കഥകള്‍ ഉണ്ടാക്കിയവരെയും അതിനു വേണ്ടി വാങ്ങിച്ച അച്ചാരത്തിന്റെയും കണക്ക് പുറത്തുകൊണ്ടുവരുമെന്നും ഷാജി തുറന്നടിച്ചു.