എറണാകുളം: ജില്ലയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധനം കര്‍ശനമായി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടിമാര്‍ക്കു ജില്ലാ കളക്ടര്‍ എസ്. സുഹാസ് നിര്‍ദേശം നല്കി. പഞ്ചായത്തു തലങ്ങളില്‍ ഇതിനായി സ്ക്വാഡുകള്‍ രൂപീകരിക്കാനും നിരോധനം ലംഘിക്കുന്നവര്‍ക്കെതിരില്‍ കര്‍ശനമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്കി.
ജില്ലയില്‍ നടന്നു കൊണ്ടിരിക്കുന്ന വിവിധ ശുചിത്വ മാലിന്യ പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണ പുരോഗതി അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടിമാര്‍ക്കായി ജില്ലാ കളക്ടറിന്റെ അധ്യക്ഷതയില്‍ നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ശുചിത്വ മാലിന്യ മേഖലയില്‍ കൊടുക്കേണ്ട ഇടപെടലുകളെക്കുറിച്ച് സെക്രട്ടിമാരുമായി ചര്‍ച്ച നടത്തി. ജില്ലയുടെ പ്രധാന വഴിയോരങ്ങളില്‍ ഉപയോഗ യോഗ്യവും ആധുനീക സജ്ജീകരണങ്ങളോടും കൂടെയുള്ള ടോയ്ലറ്റുകള് നിര്‍മിക്കാനുള്ള ടേക്ക് എ ബ്രേക്ക് പദ്ധതി പുരോഗമിച്ചു വരികയാണ്. സാങ്കേതിക തടസ്സങ്ങള്‍ നേരിടുന്നതും സ്ഥല ലഭ്യതയില്‍ പ്രശ്നങ്ങളുള്ളതുമായ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്കി ഇവയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. നിലവില്‍ നിര്‍മാണം പൂര്‍ത്തിയായവ എത്രയും വേഗം ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുവാനും തീരുമാനമായി.
ലോക ബാങ്കിന്റെ പദ്ധതിയായ പെര്‍ഫോമന്‍സ് ബേസ്ഡ് ഇന്‍സെന്റീവ് ഗ്രാന്റ് ഈ സാമ്പത്തിക വര്‍ഷം തന്നെ ചെലവഴിക്കുന്നതിനുള്ള രൂപ രേഖ തയ്യാറാക്കി. പഞ്ചായത്തുകളില്‍ വ്യക്തിഗത ശുചിമുറികളുടെ പുനര്‍നിര്‍മാണങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് ഈ പ്രവര്‍ത്തനം ക്രോഡീകരിച്ചിരിക്കുന്നതത്.
ജനുവരി 26 നു മുന്‍പ് ജില്ലയിലെ ആയിരം ഓഫിസുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ ഓഫീസുകള്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ട പുരോഗതി വിശകലനം ചെയ്തു. പഞ്ചായത്തുകളില്‍ ഇതിനായി പ്രത്യേക സമിതികള്‍ രൂപികരിച്ചു പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചിട്ടുണ്ട്. ശുചിത്വ മിഷന്റെയും ഹരിത കേരളം മിഷന്റെയും റിസോഴ്സ് പേഴ്സണ്‍മാരും ഓഫീസുകള്‍ സന്ദര്‍ശിച്ചു ഓഫീസുകളുടെ ഗ്രീന്‍ പ്രോട്ടോകോള്‍ വിലയിരുത്തി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
ജില്ലാ വികസന കമ്മീഷണര്‍ അഫ്സാന പര്‍വീണ്‍, ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. മാലതി, ഹരിത കേരളം മിഷന് കോര്‍ഡിനേറ്റര്‍ സുജിത് കരുണ്‍, ശുചിത്വ മിഷന് കോര്‍ഡിനേറ്റര്‍ പി.എച്ച്. ഷൈന്‍ എന്നിവര്‍ പങ്കെടുത്തു.