കോതമംഗലം: തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ കോതമംഗലത്ത് മുന്നണി പ്രചരണത്തില്‍ നിന്ന് വിട്ട് നില്ക്കാന് ലോക് താന്ത്രിക് ജനതാദള്‍ (എല്‍.ജെ.ഡി ) തീരുമാനം. സീറ്റ് വിഭജനത്തില്‍ അര്‍ഹമായ പ്രാധിനിത്യം എല്‍.ഡി.എഫ്. നേതൃത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് എല്‍.ജെ.ഡി തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് വിട്ട് നില്ക്കാന് തീരുമാനിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലങ്ങളില്‍ കോട്ടപ്പടി ബ്ലോക്ക് ഡിവിഷനിലുള്‍പ്പെടെ മത്സരരംഗത്ത് ഉണ്ടായിരുന്ന വിരേന്ദ്രകുമാര്‍ വിഭാഗം (ജനതാദള്‍) യു.ഡി.എഫ്. വിട്ട് എല്‍ഡിഎഫില്‍ തിരികെയെത്തിയപ്പോള്‍ കാലങ്ങളായി മത്സരിച്ച ബ്ലോക് സീറ്റ് ഉള്‍പ്പെടെ സിപിഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി.
അര്‍ഹമായ അംഗീകാരം നല്‍കിയില്ലെന്ന് മാത്രമല്ല പൂര്‍ണ്ണമായി തഴയുകയും ചെയ്തതില്‍ പ്രതിക്ഷേധിച്ചാണ് എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്ന് എല്‍.ജെ.ഡി. വ്യക്തമാക്കി. സംസ്ഥാന- ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം എടുത്തതെന്ന് നേതാക്കള്‍ വ്യക്തമാക്കി.
കവളങ്ങാട് പഞ്ചായത്തില്‍ ആദ്യ ഘട്ടം സീറ്റ് വിഭജനത്തില്‍ എല്‍.ഡി.എഫ് നിയോജക മണ്ഡലം നേതൃത്വം എല്‍ജെഡിയെ പരിഗണിച്ചെങ്കിലും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ കടന്ന് വരവ് എല്‍ജെഡിയെ തഴയുകയായിരുന്നു. മാത്രമല്ല കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് അമിത പ്രാധാന്യം നല്കി രണ്ട് സീറ്റുകള്‍ നല്‍കിയെങ്കിലും ജോസ് വിഭാഗം നേതാക്കള്‍ ഒന്നടങ്കം കോണ്‍ഗ്രസില്‍ ലയിക്കുകയും ചെയ്തു.
കവളങ്ങാട് പഞ്ചായത്തില്‍ മൂന്ന് വാര്‍ഡുകളിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് എല്‍.ജെ.ഡി. പിന്തുണ നല്‍കിയിട്ടുമുണ്ട്. വാര്‍ഡ്- 18 മാരമംഗലം ഡിവിഷനിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷാ മോന് കാസിമിനെയും വാര്‍ഡ് പതിനൊന്ന് നേര്യമംഗലത്ത് ജിന്‍സിയ ബിജുവിനും നേര്യമംഗലത്ത് വാര്‍ഡ് എട്ടില്‍ ജിസ്മ ഹനീഫയേയും പിന്തുണക്കാനും എല്‍.ജെ.ഡി. നേതൃയോഗം തീരുമാനിച്ചതായി നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് ഗോപിയും ജനറല്‍ സെക്രട്ടറി വാവച്ചന് തോപ്പില്‍ കുടിയും പറഞ്ഞു.
അതേസമയം എല്‍.ജെ.ഡി.യെ പിണക്കിയത് ചില പഞ്ചായത്തുകളില്‍ അനുകൂല സാഹചര്യം ഉണ്ടാകുമെന്നാണ് യു.ഡി.എഫ് ക്യാമ്പുകള്‍ വിശ്വസിക്കുന്നത്.