തൃക്കാക്കര നഗര സഭാ ചെയര്‍പേഴ്സന്റെ മുറിക്ക് മുന്പില് നാടകീയ രംഗങ്ങള്‍. ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന് സ്വന്തം മുറിയുടെ പൂട്ട് തുറക്കാന്‍ കഴിഞ്ഞില്ല. താന്‍ അകത്തേക്ക് പ്രവേശിക്കാതിരിക്കാന്‍ പ്രതിപക്ഷം പൂട്ട് നശിപ്പിച്ചതാണെന്ന് അജിത തങ്കപ്പന് ആരോപിച്ചു.
അതേസമയം തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിലെ പ്രതിഷേധത്തില്‍ ചെയര്‍ പേഴ്സണ്‍ അജിതാ തങ്കപ്പന് സംരക്ഷണം നല്‍കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി ചോദിച്ചു. നഗരസഭയില്‍ നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കോടതി പൊലീസിന് നോട്ടിസ് അയച്ചിരുന്നു. തുടര്‍ന്ന് നഗരസഭയില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കി.
ഓണസമ്മാന വിവാദത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടറേറ്റിന്റെ അനുമതി തേടിയതിന് പിന്നാലെയാണ് കോടതി സംരക്ഷണം ഒരുക്കാത്തതില്‍ പൊലീസിനോട് വിശദീകരണം ചോദിച്ചിരിക്കുന്നത്. നഗരസഭയിലെ പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. പ്രതിഷേധം ഇന്നും തുടരും.