എറണാകുളം, ഇടുക്കി ജില്ലകളില്‍ മഴ വീണ്ടും ശക്തി പ്രാപിക്കുമ്പോള്‍ ജില്ല കളക്ടറുമാരുടെ ഉത്തരവുണ്ടായിട്ടും അപകട ഭീഷണി ഉയര്‍ത്തി റോഡിലേക്ക് ചെരിഞ്ഞ് നില്ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റാന്‍ നടപടിയില്ല. കൊച്ചി ധനുഷ്കോടി ദേശീയ പാതയുടെ ഇരുവശത്തും ഒട്ടേറെ മരങ്ങളാണ് അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നത്.
റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി മറ്റ് മരങ്ങള്‍ മുറിച്ച് നീക്കിയപ്പോളും ഏത് നിമിഷവും നിലം പൊത്താവുന്ന തരത്തിലുള്ള മരങ്ങള്‍ നീക്കം ചെയ്തില്ലെന്നാണ് ആക്ഷേപം. കോതമംഗലം മുതല്‍ നെല്ലിമറ്റം, ഊന്നുകല്‍, തലക്കോട്, നേര്യമംഗലം, ആറാം മൈല്‍, പത്താം മൈല്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ചില മരങ്ങള്‍ ഏത് നിമിഷവും കടപുഴുകി വീണേക്കാം -നെല്ലിമറ്റം കോളനിപ്പടിയില്‍ ദേശീയ പാതയോരത്ത് നിന്ന ഭീമന്‍മരം കനത്ത മഴയില്‍ കട പുഴുകി സ്ക്കൂള് ബസ്സിനു മുകളിലേക്ക് മറിഞ്ഞ് അഞ്ച് കുട്ടികള്‍ മരിച്ച സംഭവത്തിന്റെ നടുക്കം വിട്ടു മാറിയിട്ടില്ല ഇനിയും.
വിനോദ സഞ്ചാരികളടക്കം ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ ഇരുവശത്തുമാണ് ഉണങ്ങി ദ്രവിച്ച് നിലം പൊത്താറായ ഈ മരങ്ങള്‍. ഇവയിലൊന്ന് പോലും മുറിച്ച് മാറ്റാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
കാലവര്‍ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി അപകട ഭീഷണിയായ മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് വകുപ്പുകള്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വലിയ അപകടങ്ങള്‍ക്ക് വഴിയൊരുക്കാവുന്ന തരത്തില്‍ റോഡരികില്‍ നില്കുന്ന വന്‍ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജനതാ കണ്‍സ്ട്രക്ഷന്‍ & ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് (എച്ച്.എം.എസ്) കോതമംഗലം നിയോജക മണ്ഡലം ഭാരവാഹി നേതൃയോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് എച്ച്.എം.എസ്.സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി പറഞ്ഞു.
കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് വാവച്ചന് തോപ്പില്‍കുടി അദ്ധ്യക്ഷനായി. പി.കെ. സോമന്, തോമസ് കാവുംപുറത്ത്, എന്നിവര്‍ സംസാരിച്ചു.