കുന്നത്തുനാട് പോലീസും നാട്ടുകാരും കൈകോര്‍ത്തപ്പോള്‍ അവര്‍ അഞ്ചു മക്കള്‍ക്കും, മുത്തശിയ്ക്കും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. കുന്നത്തുനാട് ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ ചായ്ക്കോട്ടുമല ഷിജു അജിത ദമ്പതികളുടെ മക്കള്‍ക്കാണ് വീടൊരുങ്ങിയത്. ഷിജുവും അജിതയും രോഗത്താല്‍ നേരത്തെ മരണപ്പെട്ടു. ഒറ്റ മുറി വീട്ടിലാണ് മക്കളും മുത്തശ്ശിയും താമസിച്ചു വന്നത്.
ഇതറിഞ്ഞ കുന്നത്തുനാട് പോലീസ് ഇവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്കാന് രംഗത്തു വരികയായിരുന്നു. സഹായത്തിനായി നാട്ടുകാരും സന്നദ്ധ സംഘടനകളും ഒത്തുചേര്‍ന്നു. ഒമ്പതരലക്ഷം രൂപ ചിലവില്‍ 750 സ്ക്വയര്‍ ഫീറ്റില്‍ മൂന്നു മുറി, ഒരു ഹാള്‍, അടുക്കള എന്നിവയോടെയാണ് വീട് നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്.
ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്ക് താക്കോല്‍ കൈമാറി. പഞ്ചായത്ത് അംഗം ഐബിവര്ഗീസ് ഏ.എസ്.പി അനുജ് പലിവാല്‍, കുന്നത്ത്നാട് എസ്.എച്ച്.ഒ ആയിരുന്ന വി.ടി.ഷാജന്, എ.എസ്.ഐ കെ.കെ. മനോജ്കുമാര്‍, എസ്.സി.പി.ഒ എം.കെ. ഗംഗാദേവി തുടങ്ങിയവര്‍ നേതൃത്വം നല്കി.