കൃഷിക്കായി ജലസേചന സൗകര്യം മെച്ചപ്പെടുത്തി ഉറവകള്‍ വീണ്ടെടുക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. തരിശു ഭൂമികളില്‍ കൃഷി ഇറക്കുന്നതോടെ വറ്റിപ്പോയ ജലസ്രോതസുകളില്‍ ഉറവ വരികയും ഉറവകള്‍ വീണ്ടെടുക്കാന്‍ കഴിയുകയും ചെയ്യും. കടുങ്ങല്ലൂര്‍ എന്ന പേരില്‍ അരി വിപണിയിലെത്തിക്കാനും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ വഴി കര്‍ഷകര്‍ക്ക് നല്ല വരുമാനം ഉറപ്പാക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
പടിഞ്ഞാറേ കടുങ്ങല്ലൂര്‍ മുണ്ടോപ്പാടത്ത് നടന്ന കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പടിഞ്ഞാറേ കടുങ്ങല്ലൂര്‍ പാടശേഖര സമിതിയും ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായാണ് ക്യഷി നടത്തിയത്. കുട്ടനാടന്‍ കര്‍ഷകരായ പി.ജി. ജ്യോതിഷ് കുമാര്‍, കുഞ്ഞുമോന് എന്നിവരുടെ മേല്‍നോട്ടത്തിലാണ് കൃഷി നടത്തിയത്.
30 വര്‍ഷമായി തരിശുകിടന്ന 75 ഏക്കര്‍ ഭൂമിയിലാണ് കൃഷി നടത്തിയത്. ഉമ എന്ന വിത്തിനമാണ് കൃഷിക്കായി ഉപയോഗിച്ചത്. കൊയ്ത്ത്മെതി യന്ത്രം ഉപയോഗിച്ചാണ് വിളവെടുപ്പ്.
കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍ അധ്യക്ഷനായ ചടങ്ങില്‍ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.എ. അബൂബക്കര്‍, മെമ്പര്‍ കെ.ആര് രാമചന്ദ്രന്, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മുഹമ്മദ് അന്‍വര്‍, ഓമന ശിവശങ്കരന്, മെമ്പര്‍ വി.കെ ശിവന്, കടുങ്ങല്ലൂര്‍ കൃഷി ഓഫീസര്‍ നയ്മ നൗഷാദ് അലി, പാഠശേഖര സമിതി പ്രസിഡന്റ് എസ്.എന്‍ പിള്ള, സെക്രട്ടറി പി.ബി ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.