കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തര ഇടപെടലുമായി നഗരസഭ. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം സ്ക്വാഡുകള്‍. വെള്ളക്കെട്ട് പരിഹരിക്കാന്‍ കളക്ടര്‍ ഉന്നതല യോഗം വിളിക്കണം എന്നും ആവശ്യം. കനാലിലേക്ക് മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് നഗരസഭ അറിയിച്ചു.
ഒറ്റ മഴയില്‍ വെള്ളക്കെട്ടില്‍ ആവുന്ന കൊച്ചി നഗരത്തിന്റെ ദുരിതത്തിന് പരിഹാരം കാണാന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് നഗരസഭ. ഇന്നലെ അഞ്ച് ഹോട്ടലുകള്‍ക്ക് നഗരസഭ നോട്ടിസ് നല്‍കിയിരുന്നു. എംജി റോഡിലെ അഞ്ച് ഹോട്ടലുകള്‍ കാനകളിലേക്ക് മാലിന്യങ്ങള്‍ തള്ളിയത് കാരണമാണ് അടച്ചുപൂട്ടാന്‍ നഗരസഭ നോട്ടിസ് നല്‍കിയത്. കാനകളിലേക്ക് മാലിന്യം തള്ളുന്നവര്‍ക്കെതിരെ നഗരസഭ കര്‍ശന നടപടി സ്വീകരിക്കും.
രാത്രികാലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി റാപിഡ് ടാസ്ക് ഫോഴ്സിനെയും നഗരസഭ നിയോഗിച്ചിട്ടുണ്ട്. തിരക്കേറിയ ഇടങ്ങളില്‍ വൈകുന്നേരം 5 മുതല്‍ 10 വരെയാണ് ശുചീകരണം. മേല്‍നോട്ടത്തിനായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ അഞ്ച് സ്ക്വാഡായി തിരിച്ചിട്ടുണ്ട്.
വെള്ളക്കെട്ട് മേഖലയിലെ കാനകളിലെ ചെളി നീക്കം ചെയ്തു തുടങ്ങി. നടപടി സ്വീകരിക്കാന്‍ കളക്ടര്‍ അടിയന്തരയോഗം വിളിക്കണമെന്ന് ടി ജെ വിനോദ് ആവശ്യപ്പെട്ടു.