പെരുമ്പാവൂര്‍: എം.എല്‍.എ ഫണ്ടില്‍ നിന്നും നിര്‍മ്മാണം പൂര്‍ത്തികരിച്ച 8 വിദ്യാലയങ്ങള്‍ക്കും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഒരു വിദ്യാലയത്തിനും ഉള്‍പ്പെടെ 9 സ്കൂളുകള്‍ക്ക് ആധുനിക ഫര്‍ണ്ണിച്ചറുകള്‍ നല്കുന്ന പദ്ധതിക്ക് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ തുടക്കമിട്ടു. ഈ വര്‍ഷത്തെ എം.എല്‍.എ ഫണ്ടില്‍ നിന്നും 42.30 ലക്ഷം രൂപ അനുവദിച്ചു വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന ഇന്‍സ്പെയര്‍ പെരുമ്പാവൂരിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
1 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കൊമ്പനാട് ഗവ. യു.പി സ്കൂളിന്റെ പുതിയ അക്കാദമിക്ക് ബ്ലോക്കിന് നല്കിയ ഫര്‍ണ്ണിച്ചറുകളുടെ ഉദ്ഘാടനം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വഹിച്ചു. 204 ഫര്‍ണ്ണിച്ചറുകളാണ് ഇവിടെ നല്‍കിയത്. മറ്റു വിദ്യാലയങ്ങള്‍ക്കുള്ള ഫര്‍ണ്ണിച്ചറുകളുടെ വിതരണവും പൂര്‍ത്തീകരിച്ചു ഉദ്ഘടനത്തിന് സജ്ജമായതായി എം.എല്‍.എ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ ഷാജി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രീതി ബിജു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എം.പി പ്രകാശ്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി ഇട്ടൂപ്പ്, ക്രാരിയേലി സഹകരണ ബാങ്ക് പ്രസിഡന്റ് പി.എസ് സുബ്രഹ്മണ്യന്, കൊമ്പനാട് വായനശാല പ്രസിഡന്റ് റിജു കുര്യന്, ഹെഡ്മിസ്ട്രസ് സി. രാജേശ്വരി, സിന്ധു തമ്പി, സീനിയര്‍ അസിസ്റ്റന്റ് വി.വി ഉഷ, കെ.ജി ജയരാജ്, ജയന്തി സുഭാഷ്, എല്‍ദോ ചെറിയാന്, ജോണ്‍ കെ. ജേക്കബ്ബ് എന്നിവര്‍ സംസാരിച്ചു.
ആകെ 1367 ഫര്‍ണ്ണിച്ചറുകള്‍:
വിദ്യാലയങ്ങള്‍ക്ക് അനുവദിച്ച കെട്ടിടങ്ങള്‍ നിര്‍മ്മാണം പൂര്‍ത്തികരിക്കുമ്പോള്‍ നേരിടുന്ന മികച്ച ഫര്‍ണ്ണിച്ചറുകളുടെ അഭാവത്തിന് ഇതോടെ പരിഹാരമാവുകയാണെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ പറഞ്ഞു. ആധുനിക ഫര്‍ണ്ണിച്ചറുകള്‍ കൂടി എത്തുന്നതോടെ മണ്ഡലത്തിലെ 9 വിദ്യാലയങ്ങളുടെ മുഖച്ഛായ തന്നെ മാറും. 1367 ഫര്‍ണ്ണിച്ചറുകളാണ് പദ്ധതി പ്രകാരം അനുവദിച്ചത്. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായി വരുന്ന മുഴുവന്‍ ഫര്‍ണ്ണിച്ചറുകളും പദ്ധതി പ്രകാരം നല്കി. 9 വിദ്യാലയങ്ങളിലെ 37 ക്ലാസ് മുറികള്‍ ഇത് പ്രകാരം ഹൈടെക്ക് ക്ലാസ് മുറികള്‍ ആയി മാറുകയാണ്.
കൊമ്പനാട് ഗവ. യു.പി സ്കൂള്‍ 204 എണ്ണം, വേങ്ങൂര്‍ ഗവ. എല്‍.പി സ്കൂള്‍ 166 എണ്ണം, ഗവ. എല്‍.പി സ്കൂള്‍ പുല്ലുവഴി 197 എണ്ണം, വാണിയപ്പിള്ളി ഗവ. എല്‍.പി സ്കൂള്‍ 80 എണ്ണം, കാഞ്ഞിരക്കാട് ഗവ. എല്‍.പി സ്കൂള്‍ 23 എണ്ണം, വളയന്‍ചിറങ്ങറ ഗവ. എല്‍.പി സ്കൂള്‍ 235 എണ്ണം, കീഴില്ലം ഗവ. യു.പി സ്കൂള്‍ 73 എണ്ണം, ഗവ. യു.പി സ്കൂള്‍ പുഴുക്കാട് – 72 എണ്ണം, ഇരിങ്ങോള്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ 317 എണ്ണം എന്നീ വിദ്യാലയങ്ങളിലാണ് പദ്ധതി പ്രകാരം ഫര്‍ണ്ണിച്ചറുകള്‍ അനുവദിച്ചത്. അധ്യാപകര്‍ക്കുള്ള 74 ഫര്‍ണ്ണിച്ചറുകളും വിദ്യാര്‍ഥികള്‍ക്കുള്ള 1233 ഫര്‍ണ്ണിച്ചറുകളും ആണ് വിദ്യാലയങ്ങള്‍ക്ക് നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് 391 ഡെസ്ക്കുകളും 782 കസേരകളും ആണ് നല്‍കിയത്. അധ്യാപകര്‍ക്കുള്ള 37 ഡെസ്ക്കുകളും 37 കസേരകളും ഇതോടൊപ്പം ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള 120 ഫര്‍ണ്ണിച്ചറുകളും വിതരണം ചെയ്തു.