വൈപ്പിന്‍ മണ്ഡലത്തില്‍ വിപുലമായി ഓണം ആഘോഷിക്കുന്നതിനോടനുബന്ധിച്ച് ഒരുക്കുന്ന വൈപ്പിന്‍ ടൂറിസം മേള ‘ആര്‍പ്പോ – 2022’ന് ശനിയാഴ്ച്ച തുടക്കമാകും. സാംസ്കാരിക – ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെ സെപ്റ്റംബര്‍ മൂന്ന് മുതല്‍ ആറുവരെ കുഴുപ്പിള്ളി ബീച്ച്, എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് പരിപാടികള്‍. അഞ്ചു സംസ്ഥാനങ്ങളിലെ 85 കലാകാരന്മാര് അവതരിപ്പിക്കുന്ന വസന്തോത്സവമാണ് ആര്‍പ്പോ – 2022ന്റെ മുഖ്യ ആകര്‍ഷണം.
സംസ്ഥാന സര്‍ക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്, സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ (ഡി.ടി.പി.സി), കേരള കലാമണ്ഡലം, കാലടി ശ്രീശങ്കരാചാര്യ സര്‍വ്വകലാശാല, കുടുംബശ്രീ, ഗ്രന്ഥശാലാസംഘം, ഗ്രെയ്റ്റര്‍ കൊച്ചി കള്‍ച്ചറല്‍ – സ്പോര്‍ട്ട്സ് ഫോറം, റസിഡന്റ്സ് അസോസിയേഷനുകള്‍, വൈപ്പിന്‍ ആര്‍ട്ടിസ്റ്റ് വെല്‍ഫെയര്‍ അസോസിയേഷന് (വാവ) തുടങ്ങി വിവിധ സാംസ്കാരിക – സാമൂഹിക സംഘടനകളുടെ പങ്കാളിത്തമുണ്ടാകും.
നാലു ദിനങ്ങളില്‍ ആറു സെഷനുകളിലായി സാമൂഹ്യ- രാഷ്ട്രീയ – സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനങ്ങള്‍, നൃത്ത നൃത്യങ്ങള്‍, ഗാനമേള, കവി സദസ്, ഗസല്‍, വടംവലി, ബീച്ച് ജൂഡോ, നാടന്‍ പാട്ട് ഉള്‍പ്പെടെ ആര്‍പ്പോ – 2022ല്‍ ഉണ്ടാകും.
വൈകുന്നേരം നാലിന് കുഴുപ്പിള്ളി ബീച്ചില്‍ ആര്‍പ്പോ – 2022 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് നിബിന്റെ അധ്യക്ഷതയില്‍ കെ.എന്‍ ഉണ്ണികൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യാതിഥിയായി പങ്കെടുക്കും. സിനിമ – സീരിയല്‍ താരം മുരളി മോഹന്‍ ഓണ സന്ദേശം നല്‍കും. അഞ്ചു മുതല്‍ കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഏഴുമുതല്‍ കേരള കലാമണ്ഡലത്തിന്റെ നൃത്തനൃത്യങ്ങളും നടക്കും.
ഞായറാഴ്ച രാവിലെ 9.30 മുതല്‍ എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തില്‍ ഓണ കവിയരങ്ങിനു മുന്നോടിയായ സംസ്കാരിക സമ്മേളനം ഹൈബി ഈഡന് എം.പി ഉദ്ഘാടനം ചെയ്യും. കെ.എന്‍ ഉണ്ണികൃഷ്ണന് എം.എല്‍.എ അധ്യക്ഷനാകുന്ന ചടങ്ങില്‍ എഴുത്തുകാരി പ്രൊഫ. മ്യൂസ് മേരി മുഖ്യാതിഥിയാകും. വൈകുന്നേരം നാലുമുതല്‍ കുഴുപ്പിള്ളി ബീച്ചില്‍ വടംവലി, ബീച്ച് ജൂഡോ മത്സരങ്ങളും കലാപരിപാടികളും നടക്കും. ജസ്റ്റിസ് കെ.കെ ദിനേശന് മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നല്‍കും.
തിങ്കളാഴ്ച എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഗ്രാമോത്സവം പൂര്‍ണ്ണമായും നാട്ടുകാരായ പ്രതിഭകളുടെ കലാപ്രകടനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളതാണ്. ഇനിയും ഗ്രാമോത്സവത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കലാരംഗത്ത് മികവു തെളിയിച്ച നാട്ടുകാര്‍ക്ക് 94467 39578, 97479 43404 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ഗ്രാമോത്സവത്തോടനുബന്ധിച്ച സാംസ്കാരിക സദസ് വരാപ്പുഴ അതിരൂപത അത്മായ കമ്മീഷന് ഡയറക്ടര്‍ ഫാ. മാര്ട്ടിന് തൈപറമ്പില്‍ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല സംഘം താലൂക്ക് സെക്രട്ടറി ഒ.കെ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് വിവിധ കലാപ്രകടനങ്ങള്‍ നടക്കും.
വൈകുന്നേരം നാലിന് കുഴുപ്പിള്ളി ബീച്ചില്‍ സാംസ്കാരിക സായാഹ്നം ബാല സാഹിത്യകാരന് സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യും. നാടകപ്രവര്‍ത്തകന്‍ ചെറായി സുരേഷ് അധ്യക്ഷത വഹിക്കും. സിനിമാതാരം പൗളി വത്സന്, ടൂറിസം റീജയണല്‍ ജോയിന്റ് ഡയറക്ടര്‍ ഡി .ഗിരീഷ്കുമാര്‍ എന്നിവര്‍ സന്ദേശം നല്‍കും. അഞ്ചുമുതല്‍ ഗാനമേളയും കാലടി ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ നൃത്തനൃത്യങ്ങളും ഗസല്‍ രാവും അരങ്ങേറും.
ആര്‍പ്പോ – 2022ന്റെ സമാപന ദിവസമായ ചൊവ്വാഴ്ച വൈകുന്നേരം നാലിന് കുഴുപ്പിള്ളി ബീച്ചില്‍ അരങ്ങേറുന്ന വസന്തോത്സവത്തില്‍ അസം, പഞ്ചാബ്, ഗുജറാത്ത്, കര്‍ണാടക, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ 85 കലാകാരന്മാര് എട്ടിനം നൃത്തങ്ങള്‍ അവതരിപ്പിക്കും. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യവും ഒപ്പം ദേശീയോദ്ഗ്രഥനവും പ്രതിഫലിപ്പിക്കുന്നതാകും കലാവിരുന്ന്. ഇതിനു മുന്നോടിയായ സാംസ്കാരിക സമ്മേളനം കെ.എന്‍ ഉണ്ണികൃഷ്ണന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം ഉദ്ഘാടനം ചെയ്യും. സാംസ്കാരിക സമ്മേളനങ്ങളില്‍ സാമൂഹ്യ സാംസ്കാരിക പൊതു പ്രവര്‍ത്തകര്‍ പങ്കെടുക്കും.
ഒരുക്കങ്ങളെല്ലാം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. കെ.എന്‍ ഉണ്ണികൃഷ്ണന് എം.എല്‍.എ ചെയര്‍മാനും കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് നിബിന് സെക്രട്ടറിയും ഗ്രന്ഥശാലാസംഘം താലൂക്ക് സെക്രട്ടറി ഒ.കെ കൃഷ്ണകുമാര്‍ കോ ഓര്‍ഡിനേറ്ററുമായ സംഘാടക സമിതിയില്‍ തദ്ദേശ സ്ഥാപന പ്രസിഡന്റുമാര്‍ വൈസ് ചെയര്മാന്മാരും തദ്ദേശ സ്ഥാപന പ്രതിനിധികള്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമാണ്.
വൈപ്പിന്‍ കടലോരത്തിന്റെയും പ്രദേശത്തിന്റെയും പ്രകൃതി മനോഹാരിത ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓണാഘോഷം ടൂറിസം മേളയായി നടത്തുന്നതെന്ന് കെ.എന്‍ ഉണ്ണികൃഷ്ണന് എം.എല്‍.എ ഞാറക്കല്‍ പ്രസ്സ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എറണാകുളം ജില്ലയില്‍ വൈപ്പിനില്‍ മാത്രമാണ് ഭാരത് ഭവന് വസന്തോത്സവം സംഘടിപ്പിക്കുന്നത്. മണ്ഡലത്തിലെ അനന്തമായ ടൂറിസ്റ്റ് സാധ്യതയും സുസ്ഥിരമായ വികസനവും മുന്നില്‍ കണ്ടുകൊണ്ടാണ് വൈപ്പിനില്‍ തന്നെ ടൂറിസം മേള സംഘടിപ്പിക്കാനായി മുന്‍കൈ എടുത്തതെന്നും അദ്ദേഹം പറഞ്ഞു.