കോന്നി: ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനോട് നഷ്ടപ്പെട്ട കോന്നി മണ്ഡലം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമം നടക്കുന്നതിനിടെ കോന്നിയിലെ കോണ്‍ഗ്രസില്‍ പോര് രൂക്ഷമാകുന്നു. തന്റെ ബിനാമിയായ റോബിന് പീറ്ററെ കോന്നിയില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള അടൂര്‍ പ്രകാശിന്റെ നീക്കത്തിനെതിരെയാണ് ഡിസിസി ഭാരവാഹികള്‍ അടക്കം 17 പേര് എഐസിസി നേതൃത്വത്തിന് കത്തയച്ചിരിക്കുന്നത്. അടൂര്‍ പ്രകാശിനെ നിയന്ത്രിക്കണമെന്നും കോന്നിയിലെ പാര്‍ട്ടിയെ അടൂര്‍ പ്രകാശില്‍ നിന്നും രക്ഷിക്കണമെന്നും കത്തില്‍ അഭ്യര്‍ഥിക്കുന്നു. സ്ഥാനാര്‍ഥിയാകാന്‍ യോഗ്യരായവരുടെ പട്ടികയും കത്തിനോടൊപ്പം നല്‍കിയിട്ടുണ്ട്.
അടൂര്‍ പ്രകാശിനും റോബിന് പീറ്റര്‍ക്കുമെതിരെ കഴിഞ്ഞ ദിവസം മണ്ഡലത്തില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് നേതൃത്വത്തിനുള്ള കത്ത് എന്നത് മണ്ഡലത്തില്‍ പാര്‍ട്ടിയിലെ ചേരിതിരിവ് കൂടുതല്‍ വ്യക്തമാകുകയാണ്. കോന്നിയില്‍ ഈഴവ സ്ഥാനാര്‍ഥി വേണമെന്നാണ് ഇവര്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അടൂര്‍ പ്രകാശിനെതിരെ കടുത്ത ആരോപണങ്ങളാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. 2019-ലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന മോഹന്‍രാജിനെ പരാജയപ്പെടുത്താന്‍ പരസ്യമായി രംഗത്തിറങ്ങിയെന്നും സ്ഥാനാര്‍ഥികളാകാന്‍ യോഗ്യരായവര്‍ നിരവധിയുണ്ടായിട്ടും റോബിന് പീറ്ററിന് വേണ്ടി അവരുടെ അവസരം ഇല്ലാതാക്കുകയാണ് അടൂര്‍ പ്രകാശ് ചെയ്യുന്നതെന്നും കത്തില്‍ ആരോപിക്കുന്നു.
ഡിസിസി നിര്‍വാഹകസമിതി അംഗം യോഹന്നാന് ശങ്കരത്തില്‍, കെപിസിസി അംഗം മാത്യു കുലത്തിങ്കല്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, എലിസബത്ത് അബു, മാത്യു ചെറിയാന്, എം.വി. ഫിലിപ്പ്, റെജി പൂവത്തൂര്‍, എം.എസ്. പ്രകാശ് തുടങ്ങിയവരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.