കാഞ്ഞിരപ്പള്ളി: യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന് സമാപനം കുറിച്ച് യു.ഡി.വൈ.എഫിന്റെ നേതൃത്വത്തില്‍ ആയിരം ഇരുചക്ര വാഹനങ്ങള്‍ അണിനിരന്ന മഹാബൈക്ക് റാലി നടന്നു. കൊടികളും പ്ലക്കാര്‍ഡുകളും കൊണ്ട് അലങ്കരിച്ച ഇരുചക്ര വാഹനങ്ങളില്‍ കൊടികള്‍ വീശിയും മുദ്രാവാക്യം വിളിച്ചും പ്രവര്‍ത്തകര്‍ കടന്നുപോയ വഴികളില്‍ ആവേശമുണര്‍ത്തി. പര്യടനത്തില്‍ ഉടനീളം ലഭിച്ച സ്വീകാര്യത സമാപനത്തിലും ദൃശ്യമായിരുന്നു.
കാഞ്ഞിരപ്പള്ളി നഗരത്തിന്റെ ഹൃദയഭാഗമായ പേട്ട ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച റാലിക്ക് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യന് ജോയ്, മണ്ഡലം പ്രസിഡന്റ് ഫെമി മാത്യു, ജില്ലാ ഭാരവാഹികളായ നിബു ഷൗക്കത്തത്, നായിഫ് ഫൈസി, ഡിസിസി സെക്രട്ടറി എം.കെ. ഷെമീര്‍ എന്നിവര്‍ നേതൃത്വം നല്കി.
ചിറക്കടവ്, പള്ളിയ്ത്തോട്, മണിമല, വെള്ളാവൂര്‍, വാഴൂര്‍, കങ്ങഴ, കറുകച്ചാല്‍ എന്നിവിടങ്ങള്‍ പിന്നിട്ട് നെടുംകുന്നത്ത് സമാപിച്ചു. നെടുംകുന്നത്ത് സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന് റാലിയെ അഭിവാദ്യം ചെയ്തു സംസാരിച്ചു.