ഐടി നഗരമായ കഴക്കൂട്ടം ഡോ. എസ്.എസ് ലാലിലൂടെ ഇരട്ടി വേഗത്തില്‍ സ്മാര്‍ട്ട് ആകുമെന്ന് ഡോ. ശശി തരൂര്‍ എം.പി പറഞ്ഞു. സ്ഥലം എം.പി എന്ന നിലയില്‍ തന്റേയും എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഡോ. എസ്.എസ് ലാലിന്റേയും ചേര്‍ന്നുള്ള ലോകോത്തരമായ കാഴ്ചപ്പാട് കഴക്കൂട്ടത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്നും തരൂര്‍ പറഞ്ഞു. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ്.എസ് ലാലിന് വേണ്ടി ആറ്റിപ്ര പ്രദേശത്ത് വോട്ട് അഭ്യര്‍ത്ഥിച്ച് സ്ഥാനാര്‍ത്ഥിയോടൊപ്പം വാഹന പ്രചരണം നടത്തവെ വിവിധ സ്ഥലങ്ങളില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ വോട്ടര്‍മാര്‍ എന്നും വികസന പരമായി ചിന്തിക്കുന്നവരാണ്. തങ്ങളുടെ മണ്ഡലത്തിലെത്തിയ ലോകോത്തര സ്ഥാപനങ്ങളെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചവരുമാണ്. മാറുന്ന കാലഘട്ടത്തിനനുസരിച്ചുള്ള തൊഴില്‍ തങ്ങളുടെ മക്കള്‍ക്കും വേണമെന്ന് ചിന്തിക്കുന്നവര്‍ക്ക് ഡോ. എസ്.എസ് ലാലിന്റെ വികസന കാഴ്ചപ്പാട് എന്നും മുതല്‍ക്കൂട്ടാണെന്നും തരൂര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ആഴക്കടല്‍ മത്സ്യ ബന്ധനക്കരാറില്‍ ആശങ്ക അറിയച്ച മത്സ്യതൊഴിലാളികള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കരാര്‍ റദ്ദാക്കി മത്സ്യ തൊഴിലാളികളുടെ ഉന്നമനത്തിനായി പദ്ധതി ആവിഷ്കരിക്കുമെന്നും ഡോ.എസ്.എസ്. ലാല്‍ ഉറപ്പ് നല്കി. തുടര്‍ന്ന് പൗണ്ട്കടവ് മണ്ഡലത്തിലേയും, ആറ്റിപ്ര മണ്ഡലത്തിലേയും പര്യടനത്തിനിടയില്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസിലെ സംസ്ഥാന ഭാരവാഹികളും ഡോ. എസ്.എസ് ലാലിന്റെ പ്രചരണത്തോടൊപ്പം ചേര്‍ന്നു.