ഇരിട്ടി: മകളുടെ വിവാഹത്തിന് കഠിനാധ്വാനത്തിലൂടെ സ്വരുക്കൂട്ടിയ തുക ഉപയോഗിച്ച് അഞ്ചു കുടുംബങ്ങള്‍ക്ക് ഭവനമൊരുക്കി കാരുണ്യത്തിന്റെ വേറിട്ട മാതൃക തീര്‍ക്കുകയാണ് ഇരിട്ടി പായത്തെ കോളിക്കടവ് തെങ്ങോലയിലെ സുന്ദരന്‍ മേസ്തരിയും കുടുംബവും. തിരുവോണ നാളില്‍ ഭവനം കൈമാറും.
ബെംഗളൂരുവില്‍നിന്ന് ഉന്നതപഠനം കഴിഞ്ഞെത്തിയ മമകളുടെ ആഗ്രഹപ്രകാരം വിവാഹം രണ്ടുകൊല്ലങ്ങള്‍ക്ക് ശേഷം മതിയെന്ന തീരുമാനം കുടുംബം സമ്മതിച്ചു. മകളുടെ സമ്മതത്തോടെ ആ പണം അഞ്ചുകുടുംബങ്ങളുടെ ഭവനം എന്ന സ്വപ്നം യാഥാര്ത്ത്യമാക്കി.
അഞ്ചുകുടുംബങ്ങളാണ് ഈ പുണ്യത്തിന്റെ തണലറിയുന്നത്. മേസ്ത്രിയും കുടുംബവും ഈ തിരുവോണത്തിന് അഞ്ച് കുടുംബങ്ങള്‍ക്ക് സമ്മാനിക്കുന്നത് കയറിക്കിടക്കാന്‍ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം.
ഭവനം ഇങ്ങനെ
കോളിക്കടവ് തെങ്ങോലയില്‍ വീടുകളുടെ അവസാന മിനുക്കുപണികളിലാണ് മേസ്ത്രിയും തൊഴിലാളികളും. 750 ചതുരശ്ര അടിയില്‍ ഒരേ ഘടനയില്‍ പണിത അഞ്ച് കോണ്‍ക്രീറ്റ് വീടുകളാണ് അഞ്ച് കുടുംബങ്ങള്‍ക്ക് ലഭിക്കുന്നത്. രണ്ട് കിടപ്പുമുറികള്‍, അടുക്കള, വരാന്ത, പിന്‍വശത്ത് ഷീറ്റ് മേഞ്ഞ മുറ്റം, ശൗചാലയം തുടങ്ങിയ സൗകര്യങ്ങളുള്ളതാണ് വീടുകള്‍. ചുറ്റുമതില്‍ കെട്ടി വേര്‍തിരിച്ച നാല് സെന്റ് വീതമുള്ള സ്ഥലത്താണ് വീടുകള്‍. പൊതുവായി നിര്‍മിച്ച കിണറില്‍നിന്ന് അഞ്ച് വീട്ടിലേക്കും കുടിവെള്ളവും എത്തും.
സുന്ദരന്‍ മേസ്ത്രിയും ഭാര്യ ഷീനയും മക്കളായ സോനയും സായന്തുമാണ് വീടുകളുടെ പണിക്ക് നേതൃത്വംനല്കുന്നത്. അഞ്ചുവീടുകള്‍ക്കും സ്ഥലത്തിനുംകൂടി ഒരു കോടിയോളം രൂപയാണ് ചെലവ്.
പ്ലാസ്റ്റിക് കൂരയില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന പായം വട്ട്യറയിലെ മറിയാമ്മയ്ക്കും പത്തു വര്‍ഷം മുമ്പ് സുന്ദരന്‍ മേസ്ത്രി കോണ്‍ക്രീറ്റ് വീട് നിര്‍മിച്ചു നല്‍കിയിരുന്നു. അന്ന് ഒറ്റമുറി വീട്ടിലായിരുന്നു മേസ്ത്രിയും മക്കളും കഴിഞ്ഞിരുന്നത്. ഇതിനുപിന്നാലെ കെട്ടിടനിര്‍മാണ കരാര്‍ രംഗത്ത് നേടിയ പുരോഗതിയാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിലേക്ക് മേസ്ത്രിയെ നയിച്ചത്.
165 അപേക്ഷകള്‍ ലഭിച്ചു. കൃത്യമായ പരിശോധനയിലൂടെയാണ് അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തിയത്. പായം പഞ്ചായത്തിലെ മൂന്നും അയ്യങ്കുന്നിലെ രണ്ടും കുടുംബങ്ങള്‍ക്കാണ് വീടുകള്‍ നല്‍കുന്നത്. നിരയായി നിര്‍മിച്ച വീടുകളില്‍ ഒന്നാമത്തേത് ഭിന്നശേഷിയില്‍പ്പെട്ട കുടുംബത്തിനാണ്. മറ്റ് നാലുവീട് ആര്‍ക്കൊക്കെ എന്ന ക്രമം കണ്ടെത്താന്‍ കുടുംബങ്ങളെ പങ്കെടുപ്പിച്ച് ഞായറാഴ്ച രാവിലെ പത്തിന് കോളിക്കടവില്‍ നറുക്കെടുപ്പ് നടത്തും.
അഞ്ച് കുടുംബങ്ങള്‍ക്കും 20,000 രൂപ വീതം ഈ വര്‍ഷം ഉപജീവനത്തിനും നല്‍കും. പുതിയ വീട്ടില്‍ കിടക്കയും കട്ടിലും ഉള്‍പ്പെടെ മറ്റ് സൗകര്യങ്ങളും മേസ്ത്രിയും കുടുംബവും ഒരുക്കും.