കോലഞ്ചേരി: മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് യാത്രചെയ്ത ഓട്ടോറിക്ഷയില്‍ കൂലിയായ നൂറ് രൂപ കടം പറഞ്ഞുപോയ ആള് വര്‍ഷങ്ങള്‍ക്ക് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നല്‍കിയത് 10,000 രൂപ. കോലഞ്ചേരി സ്വദേശിയായ ഓട്ടോഡ്രൈവര്‍ വല്യത്തുട്ടേല്‍ ബാബുവിനാണ് അപ്രതീക്ഷിതമായി സമ്മാനം ലഭിച്ചത്. കഴിഞ്ഞ ദിവസം ബാബുവിന്റെ വീട്ടിലെത്തിയ അജിത്താണ് ബാബുവിനെ പഴയകാലം ഓര്‍മ്മിപ്പിച്ച് പണം നല്‍കിയത്.
1993-ല്‍ അജിത് മൂവാറ്റുപുഴ-പട്ടിമറ്റം പാതയിലെ മംഗലത്തുനടയില്‍ നിന്നും മൂവാറ്റുപുഴയിലേക്ക് ഓട്ടം വിളിച്ച് യാത്ര ചെയ്തിരുന്നു. കയ്യില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് അന്ന് ഓട്ടോക്കൂലി അജിത്ത് കടം പറയുകയായിരുന്നു. ഇക്കാര്യം ഓര്‍മ്മയുണ്ടോ എന്നായിരുന്നു ഇദ്ദേഹം ബാബുവിന്റെ വീട്ടിലെത്തി ചോദിച്ചത്.
ചങ്ങനാശേരിയിലെ ബിഎഡ് പഠനകാലത്ത് മംഗലത്തുനടയിലുള്ള സഹപാഠിയുടെ വീട്ടിലെത്തിയതായിരുന്നു തിരുവനന്തപുരം സ്വദേശിയായ അജിത്. എന്നാല്‍ അന്ന് തിരികെ പോകുവാന്‍ അജിത്തിന് ബസ് കിട്ടിയില്ല. കയ്യില്‍ ഉണ്ടായിരുന്നത് ബസ് കൂലി മാത്രമായിരുന്നു. അങ്ങനെയാണ് ഓട്ടോക്കൂലി കടം പറഞ്ഞത്. ഏറെ നാളത്തെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഡ്രൈവറെ കണ്ടെത്താന്‍ കഴിഞ്ഞതെന്നും അതിനാലാണ് പണം തിരികെ നല്കാന് ഇത്രയും വൈകിയതെന്നും അജിത് പറഞ്ഞു.