പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പെണ് സുഹൃത്ത് ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഉച്ചയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. മറ്റൊരാളെ വിവാഹം ചെയ്യുന്നതിനായി ഷാരോണിനെ വിഷം നല്കി കൊലപ്പെടുത്തിയതാണെന്ന് ഗ്രീഷ്മ മൊഴി നല്‍കിയിരുന്നു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന് വിശദമായി അന്വേഷിക്കും.
ദുരൂഹതകള്‍ നിറഞ്ഞ ഷാരോണിന്റ മരണത്തില്‍ നിര്‍ണായകമായത് പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍ക്ക് തോന്നിയ ചില സംശയങ്ങളാണ്. ഇതുമായി ബന്ധപ്പെട്ട് ഗ്രീഷ്മയോട് പോലീസ് ഉദ്യോഗസ്ഥര്‍ ഉന്നയിച്ച ചോദ്യങ്ങളുടെ മറുപടിയില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിശദമായ ചോദ്യം ചെയ്യല്‍ നടത്തിയത്. ഇതിലാണ് മറ്റൊരാളെ വിവാഹം ചെയ്യുന്നതിനായി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തില്‍ കളനാശിനി കലക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഗ്രീഷ്മ സമ്മതിച്ചത്.
‘ഷാരോണും ഗ്രീഷ്മയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് വീട്ടുകാര്‍ മറ്റൊരു വിവാഹത്തിന് ആലോചിച്ചു. ഇതോടെ ഷാരോണുമായുള്ള ബന്ധം ഒഴിവാക്കാനാണ് കുറ്റം ചെയ്തതെന്നാണ് ഗ്രീഷ്മ മൊഴിയില്‍ സമ്മതിചിച്ചിട്ടുള്ളത്. ഷാരോണിനെ വീട്ടില്‍ വിളിച്ചുവരുത്തി, കീടനാശിനി കഷായത്തില്‍ കലര്‍ത്തിയാണ് നല്‍കിയത്. അവിടെ വച്ച് തന്നെ ഷാരോണ്‍ ഛര്‍ദിച്ചു. ശേഷം മടങ്ങിയെന്നും ഗ്രീഷ്മ പറയുന്നു. ഷാരോണിലെ കൊലപ്പെടുത്തണമെന്ന ഉദ്ദേശം തന്നെയായിരുന്നു ഗ്രീഷ്മയ്ക്ക്. യുവാവിനെ വീട്ടില്‍ വിളിച്ചു വരുത്തിയതും ഇതിന്റെ ഭാഗമായാണ്’.
മറ്റാര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്നാണ് ഇവര്‍ നല്കിയ മൊഴി. എന്നാല്‍ പൊലീസ് ഇത് വിശ്വസിക്കുന്നില്ല. തുടരന്വേഷണത്തിന്റെ ഭാഗമായി ഗ്രീഷ്മയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യും. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മെഡിക്കല്‍ പരിശോധന നടത്തി കോടതിയില്‍ ഹാജരാക്കും. പിന്നീടാണ് വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങുക.
ഷാരോണിന്റെ കൊലപാതക വാര്‍ത്ത ഗ്രീഷ്മയുടെ നാട്ടുകാര്‍ കേട്ടറിഞ്ഞത് ഏറെ ഞെട്ടലോടെയാണ്. നാട്ടുകാര്‍ക്ക് ഗ്രീഷ്മയെപ്പറ്റി പറയാനുള്ളത് നല്ല വാക്കുകള്‍ മാത്രമാണ്. നല്ല സ്വഭാവവും പഠിക്കാന്‍ മിടുക്കിയുമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഗ്രീഷ്മ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് ഒരിക്കലും വിശ്വസിക്കാന്‍ ആകുന്നില്ലെന്നും എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.