ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ പ്രതികരണവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ഫെഫ്ക പ്രതികരിക്കാൻ വൈകിയത് മൗനം പാലിക്കല്‍ അല്ലെന്നും ഫെഫ്ക്ക് കീഴിലുള്ള മറ്റു യൂണിയനുകളുടെ അഭിപ്രായം തേടേണ്ടിയിരുന്നുവെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.ഹേമ കമ്മിറ്റി റിപ്പോർട്ട് ഫെഫ്ക ചർച്ച ചെയ്തതിന് ശേഷം നടപടി എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.വെളിപ്പെടുത്തൽ വന്ന ഉടൻ ജസ്റ്റിസ് ഹേമ ഇടപെടണമായിരുന്നുവെന്ന് ബി ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി. മുഴുവൻ പേരുകളും പുറത്ത് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എഫ്ഐആർ ഇട്ടതു കൊണ്ട് മാത്രം ഫെഫ്ക അംഗങ്ങൾക്ക് എതിരെ നടപടി എടുക്കില്ല. കുറ്റം തെളിഞ്ഞാൽ മാത്രമേ നടപടി ഉണ്ടാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
നടിമാരുടെ വെളിപ്പെടുത്തല്‍ ഉണ്ടായ സമയത്ത് തന്നെ ജസ്റ്റിസ് ഹേമ ഇടപെടണമായിരുന്നുവെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ന്യായാധിപയായി പ്രവര്‍ത്തിച്ചയാലാണ് ജസ്റ്റിസ് ഹേമ. അതിനാല്‍ തന്നെ അവരുടെ മുമ്പാകെ വെളിപ്പെടുത്തല്‍ വന്ന സമയത്ത് തന്നെ ഇടപെടേണ്ടിയിരുന്നുവെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. പരാതികള്‍ അറിഞ്ഞാൽ പൊലീസ് കേസ് എടുക്കാനുള്ള വിവരങ്ങള്‍ സംഘടന തന്നെ മുൻകൈ എടുത്ത് പൊലീസിന് കൈമാറും. സ്ത്രീകളുടെ പരാതികളും വിഷയങ്ങളും പരിഗണിക്കാൻ നിലവിലുള്ള ഫെഫ്കയുടെ കോര്‍ കമ്മിറ്റി വിപുലീകരിക്കാനും ഫെഫ്കയുടെ കീഴിലുള്ള യൂണിയനുകളുടെ യോഗത്തില്‍ തീരുമാനിച്ചു.
അതേസമയം സംവിധായകൻ വി കെ പ്രകാശിനെതിരായ ലൈംഗിക ആരോപണപരാതിയിൽ പരാതിക്കാരിയുടെ രഹസ്യമൊഴി എടുക്കാൻ പൊലീസ് തീരുമാനം. യുവതിയുടെ രഹസ്യ മൊഴിയെടുക്കാൻ പൊലീസ് കോടതിയെ സമീപിച്ചു. കൊല്ലം പള്ളിത്തോട്ടം പൊലീസ് ആണ് വി കെ പ്രകാശിനെതിരെ കേസെടുത്തത് . ഐപിസി 354 A (1) i വകുപ്പാണ് ചുമത്തിയത്. സിനിമയുടെ കഥ പറയാനായി എത്തിയപ്പോൾ കടന്നുപിടിച്ചുവെന്നാണ് യുവ കഥാകാരിയുടെ പരാതി.