വയനാട് ചൂരൽമല ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകാൻ പൊതുവിതരണ, സപ്ലൈകോ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ക്യാമ്പുകളിൽ ഭക്ഷ്യധാന്യങ്ങളും അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നതിനുള്ള എല്ലാ നടപടികളും വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വയനാട് ജില്ലയിലേയും സമീപ ജില്ലകളിലേയും സപ്ലൈകോ-ഭക്ഷ്യ, പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ഇതിനായി ഉറപ്പുവരുത്തുകയും ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യസാധനങ്ങൾ എത്തിച്ചു നല്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണമെന്നുമാണ് നിർദേശം നൽകിയിരിക്കുന്നത്. പലചരക്ക് കടകളിലും സപ്ലൈകോ ഔട്ട്ലെറ്റുകളിലും ഭക്ഷ്യധാന്യങ്ങളുടെയും അവശ്യസാധനങ്ങളുടെയും ലഭ്യത ഉറപ്പാക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. 20,000 ലീറ്റർ കുടിവെള്ളവുമായി ജലവിഭവ വകുപ്പിൻ്റെ രണ്ട് വാഹനങ്ങൾ വയനാട്ടിലെ ദുരന്തമേഖലയിലേക്ക് ഇന്നലെ പുറപ്പെട്ടിരുന്നു.