തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. ഇതോടെ 52 ദിവസങ്ങള്‍ക്ക് ശേഷം മത്സ്യബന്ധന ബോട്ടുകള്‍ ഇന്നുമുതല്‍ കടലില്‍ ഇറങ്ങും. സംസ്ഥാനത്തെ ഏറ്റവും വലിയ ഹര്ബറായ നീണ്ടകരയില്‍ പാലത്തിന് കുറുകെ ഫിഷറീസ് വകുപ്പ് കെട്ടിയിരുന്ന ചങ്ങല ഇന്ന് അര്‍ദ്ധരാത്രിയോടെ അഴിച്ചുമാറ്റും.
ട്രോളിങ് നിരോധനത്തിനുശേഷമുള്ള ആദ്യ കൊയ്ത്തില്‍ ചാകര വലനിറയ്ക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികള്‍. എന്നാല്‍ മഴ കുറഞ്ഞത് ട്രോളിങ് നിരോധനത്തിന് ശേഷമുള്ള മത്സ്യലഭ്യതയില്‍ പ്രതിഫലിക്കുമോയെന്ന ആശങ്കയും മത്സ്യത്തൊഴിലാളികള്‍ പങ്കുവയ്ക്കുന്നുണ്ട്.
ഇത്തവണത്തെ ട്രോളിംഗ് നിരോധനത്തില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും കാര്യമായ നേട്ടം ഉണ്ടായിട്ടില്ല. മഴയുടെ ലഭ്യതക്കുറവും തീരക്കടല്‍ തണുക്കാതിരുന്നതും തിരിച്ചടിയായിരുന്നു. ട്രോളിംഗ് നിരോധനത്തിന് മുന്‍പ് മത്സ്യ ലഭ്യത കുറഞ്ഞതിന്റെയും കാരണം ഇതുതന്നെ ആയിരുന്നു.
ആദ്യദിനം രാത്രി കടലില്‍ പോകുന്നവയില്‍ 36 അടിവരെ നീളമുള്ള നാടന്‍ ബോട്ടുകള്‍ ഉച്ചയോടെ മടങ്ങിയെത്തും. ചെമ്മീന്‍ ഇനങ്ങളായ കഴന്തനും കരിക്കാടിയുമാണ് പ്രധാന പ്രതീക്ഷ. വലിയ ബോട്ടുകള്‍ക്ക് പ്രതീക്ഷ കിളിമീനിലും മത്തിയിലുമാണ്. ട്രോളിംഗ് നിരോധനം അവസാനിക്കുന്നതോടെ അവസാനഘട്ട തയ്യാറെടുപ്പിലാണ് മത്സ്യബന്ധനത്തൊഴിലാളികളും ബോട്ടുടമകളും