തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യകിഴക്കന്‍ അറബിക്കടല്‍ പ്രദേശത്തുമായി രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ച് ഒരു അതിശക്ത ന്യൂനമര്‍ദമായി (Depression) മാറാനും ശേഷമുള്ള 24 മണിക്കൂറില്‍ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ് അറിയിച്ചു. പശ്ചിമ അറബിക്കടലില്‍ ഒമാന്‍-യെമന്‍ തീരത്തായി രൂപം കൊണ്ട അതിശക്ത ന്യൂനമര്‍ദം ഒമാനിലെ സലാലയില്‍ നിന്ന് 20 കിമീ ദൂരത്ത് തുടരുകയാണ്. അടുത്ത 12 മണിക്കൂറിന് ശേഷം ഇതിന്റെ ശക്തി ക്ഷയിച്ച് തുടങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇത് ഇന്ത്യയിലെ കാലാവസ്ഥയെ നേരിട്ട് സ്വാധീനിക്കുന്നില്ല.
അറബിക്കടല്‍ അതിപ്രക്ഷുബ്ധമായതിനാല്‍ കേരള തീരത്ത് നിന്നുള്ള മല്‍സ്യ ബന്ധനത്തിന് പൂര്‍ണ്ണ നിരോധനം തുടരുകയാണ്. കേരളത്തില്‍ നിന്ന് യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല. മെയ് 31, ജൂണ്‍ 1 തീയതികളില്‍ ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയും പ്രതീക്ഷിക്കാവുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ‘മഞ്ഞ’ അലേര്‍ട്ട് പ്രഖ്യാപിച്ചു.
മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെ വേഗത്തിലും ചില ഘട്ടങ്ങളില്‍ 65 കിമീ വരെ വേഗത്തിലും കേരള തീരത്ത് ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടല്‍ അതിപ്രക്ഷുബ്ധമായി തുടരാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരങ്ങളില്‍ ചിലയിടങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുണ്ട്. തീരദേശവാസികള്‍ ജാഗ്രത പാലിക്കുക.ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാരവും കേന്ദ്ര കാലാവസ്ഥ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഇരു വകുപ്പുകളും റിപ്പോര്‍ട്ട്് ചെയ്യുന്നു.