തിരുവനന്തപുരം: കോവിഡ് കാലത്തേക്കു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍ ഏപ്രില്‍ 20 വരെ നടക്കും. രാവിലെ ഒന്പതുമണി മുതല്‍ ഉച്ചക്ക് ഒരുമണിവരെ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ അഞ്ച് മണിവരെ നീല, വെള്ളകാര്‍ഡുകാര്‍ക്കും സൗജന്യ റേഷന്‍ വിതരണം നടക്കും. റേഷന്‍ കാര്‍ഡ് ഇല്ലാത്ത കുടുംബങ്ങള്‍ക്കും സൗജന്യ അരിയും കിറ്റും നല്‍കും. ഇതിന് ആധാര്‍ കാര്‍ഡും ഫോണ്‍ നമ്ബറും ഉള്‍പ്പെടുത്തി സത്യവാങ്മൂലം റേഷന്‍ വ്യാപാരിക്കു നല്‍കണം. കിറ്റ് ആവശ്യമില്ല എന്ന് സ്വയം അറിയിക്കുന്നവരെയും നികുതിദായകരായ ഉയര്‍ന്ന വരുമാനക്കാരെയും ഒഴിവാക്കും.
സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി കടയില്‍ ഒരേസമയം അഞ്ച് പേര് മാത്രമാണ് നില്ക്കാന് പാടുള്ളുവെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. കട ഉടമയ്ക്കു ടോക്കണ്‍ വ്യവസ്ഥ ഏര്‍പ്പെടുത്താം.ജനപ്രതിനിധികളുടെയും റജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായം സ്വീകരിക്കാം. കടയില്‍ എത്താനാകാത്തവര്‍ക്കു സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ കടയുടമ ക്രമീകരണമുണ്ടാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് 35 കിലോയും പിങ്ക് കാര്‍ഡിലുള്ള ഒരു അംഗത്തിന് 5 കിലോ വീതവുമായിരിക്കും ലഭിക്കുക. വെള്ള, നീല കാര്‍ഡുകള്‍: 15 കിലോ അരി ലഭിക്കും.