തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കി വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ നാല് പേരെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ തിരുവനന്തപുരം തിരുമല സ്വദേശി വിഷ്ണു ദേവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. പ്രതികളില്‍ ഒരാളുടെ സഹോദരിയെ ഫേയ്സ്ബുക്കിലൂടെ അപമാനിച്ചതാണ് പ്രകോപനം. മര്‍ദ്ദനമേറ്റ വിഷ്ണു, പെണ്‍കുട്ടിയുമായി നില്ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതിരുന്നു. മറ്റൊരാളെ വിവാഹം ചെയ്തതാണത്രെ കാരണം. ഇതറിഞ്ഞ സഹോദരന്, സുഹൃത്തുക്കള്‍ക്കൊപ്പം വിഷ്ണു ജോലി ചെയ്യുന്ന വര്‍ക്ക് ഷോപ്പില്‍ എത്തി തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു.
ഫേയ്സ് ബുക്ക് പോസ്റ്റിനെതിരെ പരാതിയുമായി ആദ്യം വട്ടിയൂര്‍കാവ് പൊലീസില്‍ എത്തിയ സഹോദരനോട് വിഷ്ണുവിനെ പിടിക്കാന്‍ കഴിയില്ലെന്നും വേണമെങ്കില്‍ പിടിച്ചുകൊണ്ടുവരാന്‍ രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐ പറഞ്ഞതായി ആക്ഷേപമുണ്ട്. ആക്ഷേപം ശരിവച്ചുകൊണ്ട് എസ് ഐക്കെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.