കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനം ചെയ്ത ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. കാലാവധി കഴിഞ്ഞ സേവന വേതന കരാര്‍ പരിഷ്കരിക്കുക, പെന്ഷന് പരിഷ്കരിക്കുക, കുടുംബ പെന്ഷന് വര്‍ധിപ്പിക്കുക, പ്രവര്‍ത്തന ലാഭാടിസ്ഥാനത്തില്‍ സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ട് പുതുക്കിനിശ്ചയിച്ച് പഞ്ചദിനവാര പ്രവര്‍ത്തനം നടപ്പിലാക്കുക, സ്പെഷല്‍ അലവന്‍സ് അടിസ്ഥാന ശമ്ബളത്തോട് സംയോജിപ്പിക്കുക, പങ്കാളിത്ത പെന്ഷന് പദ്ധതി റദ്ദാക്കുക തുടങ്ങിയ പന്ത്രണ്ടിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. പൊതു, സ്വകാര്യ മേഖല ബാങ്കുകളിലെ പത്തുലക്ഷത്തോളം ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ജീവനക്കാരുടെ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനം നാളെ ജില്ലാ കളക്ടര്‍മാര്‍ വഴി പ്രധാനമന്ത്രിക്ക് നല്‍കും. ഇവ അംഗീകരിച്ചില്ലെങ്കില്‍ മാര്‍ച്ച് 11 മുതല്‍ 13 വരെ വീണ്ടും പണിമുടക്കും.
ഇതിനുശേഷവും പ്രശ്നപരിഹാരമായില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ഭാരവാഹികള്‍ പറഞ്ഞു. എഐബിഇഎ, എഐബിഒസി, എന്‍സിബിഇ, എഐബിഒഎ, ബിഇഎഫ്ഐ- ഐഎന്‍ബിഇഎഫ്, ഐഎന്‍ബിഒസി, എന്‍ഒബിഡബ്ല്യു, എന്‍ഒബിഒ എന്നീ ഒന്‍പതു യൂണിയനുകളുടെ സംയുക്ത സമിതിയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ്.