നവകേരളത്തിന് 25 പദ്ധതികളില്‍ ഊന്നല്‍ നല്കി വരുമാനത്തിന് സെസ് ഏര്‍പ്പെടുത്തി ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിച്ചു. സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍, വ്യവസായ പാര്‍ക്ക്, കോര്‍പ്പറേറ്റ് നിക്ഷേപ വര്‍ധനവ് എന്നിവയെല്ലാമാണ് 25 പദ്ധതികളില്‍ പ്രധാനപ്പെട്ടത്. ചെറുകിട ഉല്‍പ്പന്നങ്ങള്‍ക്ക് ഒഴികെ മറ്റെല്ലാ വസ്തുക്കള്‍ക്കും രണ്ട് വര്‍ഷത്തേക്ക് പ്രളയ സെസ് ചുമത്തിയാണ് വരുമാനം കണ്ടെത്തുന്നത്. 12, 18, 28 ശതമാനം ജിഎസ്ടിയുള്ള ഉത്പന്നങ്ങള്‍ക്ക് ഒരു ശതമാനം സെസ് പ്രഖ്യാപിച്ചു.
അഞ്ചു ശതമാനവും അതില്‍ താഴെയും സ്ലാബില്‍ പെട്ട ചരക്കുകള്‍ക്ക് സെസ് ഇല്ല. മദ്യത്തിന് രണ്ട് ശതമാനവും, സിനിമാ ടിക്കറ്റിന് പത്ത് ശതമാനവുമായാണ് നികുതി ചുമത്തിയത്. മദ്യത്തിന്റെ നികുതി വര്‍ധിപ്പിച്ചതോടെ ബിയറും വൈനും ഉള്‍പ്പെടെയുള്ള എല്ലാ തരം മദ്യത്തിനും വില കൂടും. വിവിധ വകുപ്പുകളിലെ സേവനങ്ങള്‍ക്കുള്ള ഫീസിലും അഞ്ച് ശതമാനം വര്‍ധനവുണ്ട്. ഭൂമിയുടെ ന്യായവിലയിലും വര്‍ധിപ്പിച്ചിട്ടുണ്ട്.
ആശാന് കവിതകളിലൂടെയുണ്ടായ നവോത്ഥാനമുന്നേറ്റങ്ങളും, ചിന്താവിഷ്ടയായ സീതയിലെ കവിതാശകലങ്ങളും തുടക്കത്തില്‍ ഉള്‍പ്പെടുത്തിയാണ് ധനകാര്യമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്. പ്രളയക്കെടുതി നേരിടാനുണ്ടായ ഐക്യം തകരുന്നതാണ് കണ്ടതെന്ന് ഐസക് പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങള്‍, കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങളെ തകര്‍ക്കുന്നതായിരുന്നു. ‘നരന് നരന് അശുദ്ധവസ്തു പോലും’ എന്ന ആശാന്റെ കവിതാശകലം ഐസക് ഉദ്ധരിച്ചു. ചിന്താവിഷ്ടയായ സീത പ്രസിദ്ധീകരിച്ചതിന്റെ നൂറാം വാര്‍ഷികത്തില്‍ അഭിവാദനങ്ങളര്‍പ്പിച്ചു ഐസക്. ജനുവരി ഒന്നിന് നടന്ന വനിതാമതില്‍ ചരിത്രസംഭവമായിരുന്നു. സ്ത്രീകള്‍ പ്രതിരോധത്തിന്റെ വന്മതില് തീര്‍ത്തു, സ്ത്രീകള്‍ പാവകളല്ലെന്ന ഉറച്ച പ്രഖ്യാപനമായിരുന്നു അത്. നവോത്ഥാനത്തെക്കുറിച്ച് സമഗ്ര പഠന മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കും. വനിതാമതില്‍ ഉയര്‍ന്ന പാതയില്‍ എല്ലാ ജില്ലകളിലും നവോത്ഥാന ആശയങ്ങളെക്കുറിച്ച് പറയുന്ന മതില്‍ച്ചിത്രങ്ങള്‍ വരയ്ക്കും. ലളിതകലാഅക്കാദമി മുന്‍കൈയെടുക്കും. സ്ത്രീ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ത്രീകളിലൊരാള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ദാക്ഷായണി വേലായുധന്റെ പേരിലുള്ള ഒരു പുരസ്കാരം നല്‍കും. ഇതിനായി രണ്ട് കോടി രൂപ നീക്കി വച്ചെന്നും തോമസ് ഐസക് വ്യക്തമാക്കി.
ശബരിമലയ്ക്ക് 739 കോടി
ശബരിമലയ്ക്കായി സംസ്ഥാന ബജറ്റില്‍ വകയിരുത്തിയത് 739 കോടി രൂപയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി പ്രത്യേകമായി അനുവദിച്ചു. കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് 36 കോടി രൂപ അനുവദിച്ചു. അതേസമയം ശബരിമല വരുമാനത്തില്‍ നിന്ന് ഒരു രൂപ പോലും സര്‍ക്കാര്‍ എടുക്കുന്നില്ലെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.
തിരുപ്പതി മാതൃകയില്‍ ശബരിമല ക്ഷേത്രത്തില്‍ സംവിധാനം വരും. 200 കോടി രൂപയാണ് ശബരിമല റോഡ് വികസനത്തിന് നീക്കിവെച്ചിരിക്കുന്നത്. പമ്പ നിലയ്ക്കല്‍ അടിസ്ഥാന വികസനത്തിന് 147.75 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചു. റാന്നിയിലും നിലയ്ക്കലിലും പുതിയ പാര്‍ക്കിങ് സൗകര്യം പ്രഖ്യാപിച്ചു. പമ്പയില്‍ ഒരു കോടി ലിറ്റര്‍ ശേഷിയുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കും. ഇതിനായി 40 കോടി രൂപ അനുവദിച്ചു.
പ്രത്യേക റെയില്‍ പാത
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നീളുന്ന പ്രത്യേക റെയില്‍ പാതയാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ പ്രധാന സവിശേഷതകളില്‍ ഒന്ന്. തെക്ക് വടക്ക് പാതയുടെ പണി ഈവര്‍ഷം തന്നെ ആരംഭിക്കും. ഇടത്തരം വേഗമുള്ള ട്രെയിനുകള്‍ക്ക് ഗ്രീന്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.
നിലവിലുള്ള പാതയില്‍ നിന്ന് വ്യത്യസ്ഥമായി പ്രത്യേക റെയില്‍വെ ലൈനാണ് ഉദ്ദേശിക്കുന്നത്. 515 കിലോമീറ്ററില്‍ പണിയുന്ന പ്രത്യേക പാത നിലവിലെ റെയില്‍പാതയുമായി കൂട്ടിമുട്ടുന്നത് തിരുവനന്തപുരത്തും കാസര്‍ഗോഡും മാത്രമായിരിക്കും.തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോട്ടേക്കുള്ള യാത്രാ സമയം വെറും നാലര മണിക്കൂറായി ചുരുക്കാന്‍ ഇതുവഴി കഴിയുമെന്നാണ് ബജറ്റ് വിലയിരുത്തല്‍.കേരള റെയില്‍ ഡെവലപ്മെന്റ് കോര്പറേഷന് നിര്‍മ്മാണ ചുമതല വഹിക്കും. ഏഴ് വര്‍ഷം കൊണ്ട് പാത പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പാതയ്ക്ക് ഏതാണ്ട് 55,000 കോടി രൂപ ചെലവാകും എന്നാണ് വിലയിരുത്തല്‍.
റോഡ് വികസനത്തിന് 200 കോടി; കെഎസ്ആര്‍ടിസിക്ക് 73 കോടി
റോഡ് വികസനത്തിന് സംസ്ഥാന ബജറ്റില്‍ 200 കോടി രൂപ പ്രഖ്യാപിച്ചു. വയനാട്-ബന്ദിപ്പൂര്‍ എലിവേറ്റഡ് പാതയുടെ പകുതി ചെലവ് സംസ്ഥാനം വഹിക്കും. കൊല്ലം ബൈപാസിലെ കല്ലുംതാഴത്ത് ഫ്ലൈഓവര്‍ വരും.
കെഎസ്ആര്‍ടിസിക്ക് ആയിരം കോടി അനുവദിച്ചു. കെഎസ്ആര്‍ടിസി പൂര്‍ണമായി ഇലക്ട്രിക് ബസുകളിലേക്ക് മാറും. 2022നകം 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കും. ഇതിനായി കുറഞ്ഞ ചെലവില്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതി കൂടുതല്‍ വാങ്ങും.
തിരുവനന്തപുരം ആര്‍സിസിക്ക് 73കോടി രൂപ നീക്കിവെച്ചു. മലബാര്‍ കാന്‍സര്‍ സെന്ററിന് 35 കോടി രൂപ അനുവദിച്ചു.
ആരോഗ്യമേഖലയ്ക്കും ഊന്നല്‍
ആരോഗ്യ രംഗത്തിനും പ്രാധാന്യം നല്കിക്കൊണ്ടുള്ളതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റ്. നാല് ഭാഗങ്ങളുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. 42 ലക്ഷം കുടുംബങ്ങളുടെ പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും.പദ്ധതി മേയില്‍ നടപ്പാക്കും. ഇതിനായി കേരളഭാഗ്യക്കുറിയുടെ വരുമാനം ഉപയോഗിക്കും.
സാമ്പത്തികശേഷിയുള്ള 20 ലക്ഷം കുടുംബങ്ങള്‍ക്ക് സ്വയം പ്രീമിയം അടക്കാം. ഒരുലക്ഷം രൂപയുടെ ചികില്‍സാചെലവ് ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കും. ജീവിതശൈലീ രോഗങ്ങള്‍ക്ക് 5 ലക്ഷം രൂപവരെ സര്‍ക്കാര്‍ നല്‍കും. 200 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ ആശുപത്രികളാക്കും. ഉച്ചയ്ക്ക് ശേഷവും ഒപി, ലാബുകള്‍ സ്ഥാപിക്കും. എല്ലാ മെഡിക്കല്‍ കോളെജുകളിലും ഓങ്കോളജിസ്റ്റുകളെ നിയമിക്കും.
മത്സ്യത്തൊഴിലാളികള്‍ക്ക് 1000 കോടി
സംസ്ഥാന ബജറ്റില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് 1000 കോടി രൂപ പ്രഖ്യാപിച്ചു. കടലാക്രമണമുള്ള തീരത്ത് നിന്ന് മാറിത്താമസിക്കുന്നവര്‍ക്ക് വീടിന് 10 ലക്ഷം വീതം നല്‍കും. പുനരധിവാസത്തിന് 100 കോടിരൂപ നീക്കിവെക്കും. തീരദേശറോഡുകള്‍ക്ക് 200 കോടി രൂപ പ്രഖ്യാപിച്ചു.
പൊഴിയൂരില്‍ മല്‍സ്യബന്ധന തുറമുഖവും കൂടുതല്‍ പുതിയ ഹാര്‍ബറുകളും വരും. കിഫ്ബി വഴി തീരദേശത്ത് 900 കോടിരൂപ നിക്ഷേപിക്കും. മല്‍സ്യത്തൊഴിലാളികള്‍ക്ക് പലിശരഹിതവായ്പ നല്‍കും. കൊല്ലത്ത് ബോട്ട് ബില്‍ഡിങ് യാര്‍ഡ്, മല്‍സ്യഫെഡിന് 100 കോടി വായ്പ അനുവദിക്കും. ഓഖി പാക്കേജ് വിപുലീകരിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.
സ്വകാര്യനിക്ഷേപത്തെ അകമഴിഞ്ഞ് പ്രോല്‍സാഹിപ്പിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. പൊതുമേഖലാവികസനത്തിന് 299 കോടിരൂപ അനുവദിച്ചു.
പ്രവാസി ക്ഷേമ പദ്ധതികള്‍ക്കും പ്രാധാന്യം
പ്രവാസി ക്ഷേമ പദ്ധതികള്‍ക്കും പ്രാധാന്യം നല്‍കിയുള്ളതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റ്. തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് സാന്ത്വനം പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി 25 കോടിയാണ് നീക്കിവെക്കുന്നത്.
പ്രവാസിസംരംഭകര്‍ക്ക് പലിശസബ്സിഡിക്ക് 15 കോടി രൂപ പ്രഖ്യാപിച്ചു. പ്രവാസികളുടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിക്കുന്നതിനുള്ള ചെലവ് നോര്‍ക്ക വഹിക്കും. പ്രവാസിക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ പ്രത്യേക നിക്ഷേപപദ്ധതി നടപ്പാക്കും. കേരള ബാങ്ക് ഈ വര്‍ഷം തുടങ്ങും. കേരളബാങ്കില്‍ പ്രവാസികള്‍ക്ക് നിക്ഷേപം നടത്താന്‍ സൗകര്യമൊരുക്കും. നിക്ഷേപശേഷി 57000 കോടിയില്‍ നിന്ന് 64000 കോടിയായി ഉയരും.
സ്ത്രീകള്‍ക്കായി മാത്രം 1420 കോടി
സ്ത്രീകള്‍ക്കായി മാത്രം മാറ്റിവെക്കുന്നത് 1420 കോടി രൂപയാണ്. 25000 പാവപ്പെട്ട സ്ത്രീകള്‍ക്ക് 400-600 രൂപ പ്രതിദിനവരുമാനം ഉറപ്പാക്കും. ജീവനോപാധി വിപുലീകരണ പദ്ധതിക്ക് ഊന്നല്‍ നല്‍കും. അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്ക് വഴി 3500 കോടി രൂപ വായ്പ അനുവദിക്കും. കുടുംബശ്രീവഴി 12 ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡിങ്ങും വിപണനവും. ആദിവാസി ഉല്‍പ്പന്നങ്ങള്‍, കരകൗശലവസ്തുക്കള്‍ തുടങ്ങിയ ബ്രാന്‍ഡ് ചെയ്യും.
വിശപ്പുരഹിതകേരളത്തിന് 20 കോടി രൂപ നീക്കിവെക്കും. ആലപ്പുഴ, ചേര്‍ത്തല പരീക്ഷണം കേരളം മുഴുവന്‍ വ്യാപിപ്പിക്കും.
ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു
ക്ഷേമപെന്‍ഷനുകള്‍ 100 രൂപ വീതം വര്‍ധിപ്പിച്ചു. വയോജനക്ഷേമത്തിന് വിലുപമായ പദ്ധതി ഒരുക്കും. ‘സ്നേഹിത കോളിങ് ബെല്‍’ പദ്ധതിയുടെ ചുമതല കുടുംബശ്രീയ്ക്ക് നല്‍കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 20 കോടി രൂപ അനുവദിച്ചു.
പൊതുവിദ്യാഭ്യാസത്തിന്റെ മികവ് കൂട്ടും
സ്കൂളുകളുടെ പശ്ചാത്തലവികസനത്തിന് 170 കോടി അനുവദിച്ചു. അക്കാദമിക് മികവ് കൂട്ടാന്‍ 32 കോടി പ്രഖ്യാപിച്ചു. സ്കൂളുകള്‍ ഹൈടെക് ആക്കാന്‍ 292 കോടി നീക്കിവെക്കും.
വ്യവസായ പാര്‍ക്കുകളും കോര്‍പറേറ്റ് നിക്ഷേപങ്ങളും വരും. കണ്ണൂര്‍ വിമാനത്താവളപരിസരത്ത് വ്യവസായസമുച്ചയങ്ങള്‍ നിര്‍മ്മിക്കും. കൊച്ചിയില്‍ ജിസിഡിഎ അമരാവതി മാതൃകയില്‍ ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കും. സിയാല്‍ മോഡലില്‍ കോട്ടയത്ത് 200 ഏക്കറില്‍ റബര്‍ വികസനത്തിന് കമ്പനി നിര്‍മ്മിക്കും.